വന്യജീവി സങ്കേതങ്ങളില്‍ 
ടൂറിസം പ്രവർത്തനം തടയണം; സുപ്രീംകോടതി ഉന്നതാധികാര സമിതി

വന്യജീവി സങ്കേതങ്ങളില്‍ ടൂറിസം പ്രവർത്തനം തടയണം; സുപ്രീംകോടതി ഉന്നതാധികാര സമിതി

ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവസംരക്ഷണ മേഖലയില്‍ കടുവ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം
Updated on
2 min read

രാജ്യത്തെ വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങൾ തടയണമെന്ന സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി ഉന്നതാധികാര സമിതി. കടുവാ സങ്കേതങ്ങളിലും വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളും സഫാരികളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്നാണ് സമിതിയുടെ നിര്‍ദേശം. കടുവ സംരക്ഷണ കേന്ദ്രങ്ങളിലും സംരക്ഷിത പ്രദേശങ്ങളിലും മൃഗശാലകള്‍ക്കും സഫാരികളും സ്ഥാപിക്കുന്നതിന് നല്‍കിയ അനുമതികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക.

സംരക്ഷിത വനമേഖലയില്‍ നിയന്ത്രണങ്ങളോടെ മാത്രമേ മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാവു എന്നും സമിതി നിര്‍ദേശം പറയുന്നു. പരുക്കേറ്റതോ അല്ലെങ്കില്‍ സുഖമില്ലാത്തതോ ആയ ജീവികളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതും മാത്രമേ അനുമതി നല്‍കേണ്ടതുള്ളു എന്നാണ് സുപ്രീംകോടതി പാനലിന്റെ നിലപാട്.

വനത്തിനോട് ചേര്‍ന്ന് മൃഗശാലകള്‍ സ്ഥാപിക്കുന്നത് വനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് വനം വകുപ്പ് കഴിഞ്ഞ വര്‍ഷം ജൂണില്‍ വ്യക്തമാക്കിയിരുന്നു. 1980ലെ വനസംരക്ഷണ നിയമ പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് മൃഗശാലകള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 2012, 2016, 2019 വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വനമേഖലയെ സംരക്ഷിക്കുന്നതിനും ടൂറിസത്തിനും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും മൃഗശാലകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍ സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന വിധത്തിലാവരുത് മൃഗശാലകളുടെ രൂപീകരണം. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നിലനില്‍പ്പിനേക്കാള്‍ പ്രാധാന്യം ആളുകളില്‍ അവയേക്കുറിച്ച് ബോധവാന്മാരാക്കുന്നതിലാവരുതെന്നും പാനല്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നിരീക്ഷണം.

നാഷ്ണല്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശിക്കുന്ന പാനല്‍ കടുവ സഫാരികള്‍ സ്ഥാപിക്കുന്നത് 'ടൂറിസത്തിന്റെ മിതമായ രീതിയില്‍ പ്രാത്സാഹിപ്പിക്കുന്നതിലുപരി വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി. കടുവാ സംരക്ഷിത പ്രദേശത്തും വനത്തിനുള്ളിലും കടുവാ സഫാരികള്‍ സ്ഥാപിക്കുന്നതിലൂടെ വിനോദസഞ്ചാരികള്‍ക്ക് വനങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുന്നു, അത്തരം വിനോദസഞ്ചാരികളെ വഹിക്കുന്ന ധാരാളം വാഹനങ്ങള്‍ ആ പ്രദേശത്തെ വനത്തിനും വന്യജീവികളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പാനല്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in