ഡി കെ ശിവകുമാറിന് ആശ്വാസം; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രീംകോടതി റദ്ദാക്കി
2018ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. കേസ് സുപ്രീംകോടതി റദ്ദാക്കി. ഡി കെ ശിവകുമാറിന് പുറമെ സച്ചിന്‍ നാരായണ്‍, സുനില്‍ ശർമ, ആഞ്ജനേയ ഹനുമന്തരയ്യ, രാജേന്ദ്ര എന്‍ എന്നിവരാണ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണം നേരിട്ടത്.
2017ല്‍ ഐടി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ നല്‍കിയ പരാതിയിലായിരുന്നു ഇ ഡി നടപടി. 2017ല്‍ ശിവകുമാറുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക തിരച്ചില്‍ നടന്നിരുന്നു. ഏകദേശം 300 കോടി രൂപയോളം തിരച്ചിലില്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ ശിവകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിക്കുകയായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നായിരുന്നു ശിവകുമാർ ഉന്നയിച്ച ആരോപണം.
ഇ ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ 2019ല്‍ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.