ഡൽഹി ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു
നിയമന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‌റെ അധികാരം പരിമിതപ്പെടുത്തുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. എന്നാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വി ഓര്‍ഡിനന്‍സിന് ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിയമനാധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതാണ് ഓര്‍ഡിനന്‍സെന്നും അത് ഗവര്‍ണര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കാന്‍ കോടതി ആദ്യം തയ്യാറായില്ല. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. '' ഇത് ഒരു ഓര്‍ഡിനന്‍സാണ്, വാദം കേള്‍ക്കേണ്ടതുണ്ട്,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.
എന്നാല്‍ നിയമനിര്‍മാണത്തില്‍ കോടതി ഇടപെട്ട സാഹചര്യങ്ങളുണ്ടെന്ന് മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. റിട്ട് ഹര്‍ജിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ജെയ്ന്‍ ചൂണ്ടിക്കാട്ടിയതോടെ കോടതി ഇതിന് അനുമതി നല്‍കി.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയ്ക്ക് വേണ്ടി പ്രത്യേക അതോറിറ്റി രൂപീകരിച്ചുകൊണ്ട് മെയ് 19 നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ലഫ്. ഗവര്‍ണറുമായുള്ള നിയമ പോരാട്ടത്തില്‍, നിയമനാധികാരം സംസ്ഥാന സര്‍ക്കാരിനെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വന്ന ഓര്‍ഡിനന്‍സ്, വിധി മറികടക്കാന്‍ ഉണ്ടാക്കിയതെന്നാണ് അക്ഷേപം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി എഎപി രാഷ്ട്രീയ പോരാട്ടം തുടരുന്നതിനിടെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സിന്‌റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് നിയമ നടപടി.