'വിധിയില്‍ തെറ്റില്ല': പട്ടികജാതി സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്ന വിധിക്കെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

'വിധിയില്‍ തെറ്റില്ല': പട്ടികജാതി സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്ന വിധിക്കെതിരായ അപ്പീല്‍ തള്ളി സുപ്രീംകോടതി

വിശാല ബെഞ്ചിലെ നാലംഗങ്ങള്‍ ഉപവര്‍ഗീകരണത്തെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ വിയോജിപ്പ് വ്യക്തമാക്കി.
Updated on
1 min read

പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള റിവ്യൂ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതിയുടെ വിശാല ബെഞ്ച്. സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്നും കൂടതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കു കൂടുതല്‍ പരിഗണന വേണമെന്നും അപ്പീലുകള്‍ തള്ളിക്കൊണ്ടു വിശാല ബെഞ്ച് വിധി പ്രസ്താവിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് പട്ടികജാതിയില്‍ തന്നെ കൂടുതല്‍ പിന്നാക്കവസ്ഥയിലുള്ള വിഭാഗങ്ങള്‍ക്ക് തുല്യതയും പ്രാതിനിധ്യവും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉപവര്‍ഗീകരണം നടത്താമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ബെഞ്ചിലെ ആറംഗങ്ങള്‍ ഉപവര്‍ഗീകരണത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ബേല ത്രിവേദി മാത്രമാണ് എതിര്‍സ്വരം ഉയര്‍ത്തിയത്. 6-1 എന്ന നിലയില്‍ ഭൂരിപക്ഷ വിധിയായിരുന്നു ബെഞ്ച് പുറപ്പെടുവിച്ചത്. വിധിപ്രസ്താധവത്തിനു പിന്നാലെ തന്നെ ഇതിനെതിരേ നിരവധി കോണുകളില്‍ നിന്നു പ്രതിഷേധമുയര്‍ന്നിരുന്നു. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി റിവ്യൂ ഹര്‍ജികളും ഫയല്‍ ചെയ്തിരുന്നു. ഇതു ഒന്നിച്ചു പരിഗണിച്ചാണ് ഇന്ന് വിശാല ബെഞ്ച് അന്തിമ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്.

ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ തെറ്റില്ലെന്നും കൂടുതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്ക് തുല്യതയ്ക്ക് അര്‍ഹതയുണ്ടെന്നും വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാലബെഞ്ച് വ്യക്തമാക്കി. വിശാല ബെഞ്ചിലെ നാലംഗങ്ങള്‍ ഉപവര്‍ഗീകരണത്തെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ വിയോജിപ്പ് വ്യക്തമാക്കി.

പട്ടികജാതി വിഭാഗത്തില്‍ ഉപവര്‍ഗീകരണം പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഇ വി ചിന്നയ്യ കേസില്‍ 2004-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ഇതു റദ്ദാക്കിക്കൊണ്ടാണ് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ഏഴംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പട്ടിക വിഭാഗത്തില്‍ സാമൂഹികമായി ഭിന്ന ജാതികള്‍ ഉള്ളതിനാല്‍ ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് സര്‍ക്കാരുകള്‍ക്ക് പട്ടിജാതി വിഭാഗങ്ങളെ വീണ്ടും തരംതിരിക്കാമെന്നായിരുന്നു ഏഴംഗ ബെഞ്ചിന്റെ വിധി.

അതേസമയം പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിനു മാത്രം 100 ശതമാനം സംവരണം അനുവദിക്കാന്‍ പാടില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടിനെ കണ്ടെത്തി ഉപവര്‍ഗീകരണത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള നയം രൂപീകരിക്കണമെന്നും ഈ രീതിയിലുള്ള നയമുണ്ടായാല്‍ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയെന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകൂയെന്നും അന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in