രാമനവമി സംഘർഷം: മമത സർക്കാരിന് തിരിച്ചടി; അന്വേഷണം എൻഐഎയ്ക്ക് വിട്ട കൽക്കട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല
പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തവിനെതിരെ പശ്ചിമ ബംഗാള്‍ സർക്കാർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
രാജ്യത്തിന്‍റെ സുരക്ഷയേയോ പരമാധികാരത്തെയോ ബാധിക്കുന്നതല്ലെങ്കില്‍ സാധാരണ അക്രമ സംഭവങ്ങളില്‍ എന്‍ ഐ എ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനായ അഭിഷേക് മനു സിങ്വവി സുപ്രീംകോടതിയില്‍ വാദിച്ചു. അക്രമത്തില്‍ ബോംബുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചു എന്ന അനുമാനത്തിലാണ് ഹൈക്കോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അത് സ്ഫോടക വസ്തു നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോംബ് ഉണ്ടെന്ന് പറഞ്ഞത് കൊണ്ടുമാത്രം അവിടെ ബോംബുണ്ടാകണമെന്നില്ല. രാഷ്ട്രീയതാത്പര്യം വച്ചുള്ള പൊതുതാത്പര്യ ഹർജിയെ പ്രോത്സാഹിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തതെന്നും സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.
ബിജെപി നേതാവ് സുവേന്ദു അധികാരി നല്‍കിയ ഹര്‍ജിലായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്
ബംഗാളില്‍ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാവ് സുവേന്ദു അധികാരി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട ബംഗാള്‍ പോലീസ് ശേഖരിച്ച എല്ലാ രേഖകളും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം, രേഖകൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാർ കൈമാറിയില്ലെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നായിരുന്നു സംസ്ഥാനം എൻഐഎയ്ക്ക് നൽകിയ മറുപടി.
ഏപ്രിൽ അഞ്ചിന് നടന്ന രാമനവമി ഘോഷയാത്രക്കിടെയാണ് ഹൗറയില്‍ അക്രമം പൊട്ടിപുറപ്പെട്ടത്. പ്രധാനമായും ഹൗറയിലെ ഷിബ്പൂർ മേഖലയിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ അക്രമം അരങ്ങേറിയത്. വടക്കൻ ദിനാജ്പൂർ ജില്ലയിലെ ദൽഖോലയിലും സമാനമായ അക്രമസംഭവങ്ങൾ ഉണ്ടായി. ആക്രമണങ്ങളില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഹൂഗ്ലിയിലുണ്ടായ ആക്രമണങ്ങളില്‍ 50 ലേറെ പേര്‍ അറസ്റ്റിലായിരുന്നു. ഹൂഗ്ലിയിലേയും ഹൗറയിലേയും അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ബംഗാൾ സർക്കാരിന്റെ ഹർജി പരിഗണിച്ചത്. വേനൽക്കാല അവധിക്ക് ശേഷം പരിഗണിക്കാൻ ഹർജി മാറ്റി.