ഗ്യാൻവാപിയില്‍ തല്‍സ്ഥിതി തുടരണം; നിലവറയിലെ പൂജ സ്റ്റേ ചെയ്യാതെ സുപ്രീം കോടതി
വാരണാസി ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ നടപടിയ്ക്ക് സ്റ്റേ നല്‍കാതെ സുപ്രീം കോടതി. ഹിന്ദു വിഭാഗം തെക്കന്‍ നിലവറയില്‍ നടത്താറുള്ള പൂജയ്ക്കാണ് സ്റ്റേ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്.
ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നമസ്‌കാരം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഹിന്ദു പുരോഗിതന്മാര്‍ പൂജകള്‍ തെഹ്ഖാനയില്‍ മാത്രം ഒതുക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തുന്ന നിലവിലെ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹര്‍ജിയില്‍ ജൂലൈയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഹിന്ദു വിഭാഗങ്ങള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മസ്ദിജ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റിൻ്റെ പ്രതികരണമാണ് സുപ്രീം കോടതി ആരാഞ്ഞത്.
ജനുവരി 31ന് വാരണാസി കോടതിയാണ് പൂജയ്ക്ക് അനുമതി നല്‍കിയത്. പീന്നീട് ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവക്കുകയായിരുന്നു.