കേരളത്തിന് ആശ്വാസം; ബഫർ സോൺ വിധിയിൽ ഇളവ് നൽകി സുപ്രീംകോടതി

കേരളത്തിന് ആശ്വാസം; ബഫർ സോൺ വിധിയിൽ ഇളവ് നൽകി സുപ്രീംകോടതി

ബഫർ സോണിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഹർജി നൽകിയിരുന്നു
Updated on
1 min read

ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. കോടതിയുടെ മുൻ ഉത്തരവിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ബഫർ സോണിലെ കർശന നിയന്ത്രണങ്ങൾക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും കേന്ദ്രവും ഹർജി നൽകിയിരുന്നു. ഇതിലാണ് ഇളവ് വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധി.

രാജ്യത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിശ്ചയിക്കുമ്പോൾ നിർമാണപ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കണമെന്ന ഉത്തരയിലാണ് നിലവിൽ ഇളവ് നൽകിയിരിക്കുന്നത്.

സമ്പൂർണ നിരോധനം സാധ്യമാകില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം വാദത്തിനിടെ പരാമർശിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതാണ് പുതിയ ഉത്തരവ്. അതേസമയം, ക്വാറി, വലിയ നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും.

ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ബഫർ സോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ജൂൺ മൂന്നിലെ ഉത്തരവിൽ ഇളവ് വരുത്തുന്നതായി ബെഞ്ച് പറഞ്ഞത്.

സുപ്രീംകോടതിയുടെ ജൂൺ മൂന്നിലെ വിധിയിൽ ബഫർ സോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സമ്പൂർണ നിയന്ത്രണം എടുത്തുമാറ്റുന്നതായി ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in