സുപ്രീം കോടതി
സുപ്രീം കോടതി

'നിങ്ങൾ വിദേശിയാണെന്ന് ഭരണകൂടത്തിന് വെറുതെ പറയാനാകില്ല;' അസം സ്വദേശിയുടെ പൗരത്വം സുപ്രീംകോടതി പുനഃസ്ഥാപിച്ചു

വിദേശപൗരനെന്ന സംശയത്തിൽ 12 വര്‍ഷം മുമ്പാണ് അസമിലെ ട്രിബുണൽ റഹിം അലിയുടെ പൗരത്വം റദ്ദാക്കിയത്
Updated on
1 min read

അസമില്‍ പൗരത്വം നഷ്ടപെട്ട മുസ്ലിം വ്യക്തിക്ക് പൗരത്വം തിരികെ നല്‍കി സുപ്രീംകോടതി. വിദേശപൗരനെന്ന സംശയത്തില്‍ 12 വര്‍ഷം മുന്‍പ് അസമിലെ ട്രിബുണല്‍ റദ്ദാക്കിയ റഹിം അലി എന്നയാളുടെ പൗരത്വം സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. 2004 ലാണ് റഹീം അലിക്കെതിരെ പോലീസ് നടപടി ആരംഭിച്ചത്. 1971 മാര്‍ച്ച് 25ന് ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് കുടിയേറിയ വ്യക്തിയാണ് റഹിം അലി എന്ന ആരോപണമല്ലാതെ, വിദേശപൗരനാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകളൊന്നും അദ്ദേഹത്തിനെതിരെയില്ലെന്ന സാചര്യമാണ് ഇപ്പോഴത്തെ കോടതി വിധിക്ക് ആധാരം.

ബംഗ്ലാദേശിലെ റഹിം അലിയുടെ താമസസ്ഥലം കണ്ടെത്താൻ പോലീസ് ശ്രമിച്ചിട്ടുണ്ടെങ്കിലും, പൗരത്വം റദ്ദാക്കുന്ന സാഹചര്യത്തിൽ ഈ വിവരങ്ങൾ ട്രിബുണലിൽ നൽകിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഗുവാഹട്ടി ഹൈക്കോടതിക്കു മുന്നിൽ ട്രിബ്യുണൽ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് റഹിം അലി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ 2015 നവംബറിൽ ഹർജി കോടതി തള്ളുകയായിരുന്നു. അതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഈ കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഏതെങ്കിലും ഒരാളുടെ വാതിലിൽ മുട്ടി നിങ്ങൾ വിദേശിയാണോ എന്ന് ഞങ്ങൾക്ക് സംശയമുണ്ട് എന്ന് പറയുന്നതുപോലെയാണ് എന്നും പൗരത്വ നിയമത്തിന്റെ വകുപ്പ് 9 പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ സർക്കാരുകള്‍ക്കും അത് അംഗീകരിക്കാൻ സുപ്രീംകോടതിക്കും സാധിക്കില്ലെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി
വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ഒരാൾ കുറ്റാരോപിതനാണെങ്കിൽ അയാൾക്കെതിരെ പോലീസിന്റെ പക്കലുള്ള തെളിവുകളുടെ വിവരങ്ങൾകൂടി നൽകണം എന്നും കോടതി വ്യക്തമാക്കുന്നു. കൃത്യമായി തെളിവ് ഹാജരാക്കാത്ത സാഹചര്യത്തിൽ കേസിൽ തന്റെ ഭാഗം പൂർണമായും വിശദീകരിക്കാൻ കുറ്റാരോപിതന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. കുറ്റാരോപിതന് അടിസ്ഥാനവിവരങ്ങൾ പോലും നൽകാതെ അയാളുടെ ജീവിതം തന്നെ മാറിമറിയുന്ന തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാൻ സര്‍ക്കാര്‍ സാധിക്കില്ലെന്നാണ് കോടതി സൂചിപ്പിക്കുന്നത്. വിദേശിയെന്ന ആരോപണം ഉന്നയിക്കുന്നതിന്റെ പ്രധാനാടിസ്ഥാനമെന്ന രീതിയിൽ സർക്കാർ ഹാജരാക്കിയ വിവരങ്ങൾ തെളിവുകളായി പരിഗണിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീം കോടതി
'ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ റോഹിങ്ക്യകൾക്ക് അവകാശമില്ല;' സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

തന്റെ ഭാഗം വിശദീകരിക്കാൻ ട്രിബുണലിനു മുന്നിൽ റഹിം അലി ഹാജരാക്കിയ തെളിവുകൾ വിശ്വസിക്കാതിരുന്നത് ആ രേഖകളിൽ എഴുതിയ പേരിലുള്ള അക്ഷരത്തെറ്റും തീയ്യതിയിലുള്ള പൊരുത്തക്കേടുമാണ്. എന്നാൽ ഇന്ത്യയിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരുണ്ടെന്നും, ഓരോ ഭാഷയിലും പേരുകൾ വ്യത്യസ്ത രീതിയിലാണ് ഉച്ഛരിക്കുക എന്നും, അതുകൊണ്ടു തന്നെ ഒരക്ഷരത്തെറ്റിന്റെ പേരിൽ ഒരാളുടെ പൗരത്വം റദ്ദാക്കാനാകില്ല എന്നും കോടതി പറയുന്നു.

ഇത്രയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി "റഹിം അലി ഇന്നുമുതൽ വിദേശിയല്ല ഇന്ത്യൻ പൗരനാണ്." എന്ന് വ്യക്തമാക്കിയത്. ട്രിബുണലിന് ഇനിയൊരു പരിശോധനയ്ക്കു കൂടി പഴുതു നല്കാതെയായിരുന്നു കോടതിയുടെ ഇടപെടൽ.

logo
The Fourth
www.thefourthnews.in