'വിവാഹം പവിത്രം'; ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാകാത്ത ഹിന്ദു കല്യാണങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി
ഹിന്ദു വിവാഹങ്ങള്‍ ആചാരപരമായ ചടങ്ങുകളോടെ നടത്തിയില്ലെങ്കില്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1955-ലെ ഹിന്ദു വിവാഹ നിയമ പ്രകാരം, ശരിയായ ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന വിവാഹം അംഗീകരിക്കാന്‍ സാധിക്കില്ല എന്നുമാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചിരിക്കുന്നത്.
ഹിന്ദു വിവാഹം ഒരു സംസ്‌കാരമാണ്, സമൂഹത്തില്‍ അതിന് വലിയ മൂല്യം കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. യുവതീ യുവാക്കള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം എത്രത്തോളം പവിത്രമാണ് എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തങ്ങള്‍ അഭ്യര്‍ഥിക്കുന്നതായും ബെഞ്ച് പറഞ്ഞു. വിവാഹം എന്നത് കേവലം പാട്ടും നൃത്തവും വിരുന്നും മാത്രം ചേരുന്ന സംഭവമോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരമോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
''വിവാഹം എന്നത് വാണിജ്യപരമായ ഇടപാടല്ല. സമൂഹത്തിന് അടിത്തറപാകുന്ന കുടുംബം എന്ന ഘടനയിലേക്ക് യുവാവും യുവതിയും കടക്കുന്ന നിമിഷത്തെ ആഘോഷിക്കുന്നതാണ്. ഹിന്ദു വിവാഹം കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കുകയും ചെയ്യുന്നു. എല്ലാത്തിനുപരി വിവാഹ പവിത്രമാണ്, കാരണം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആജീവനന്തകാല പരസ്പര ബന്ധത്തിന് അത് മാന്യതയും ഐക്യവും നല്‍കുന്നു. പ്രത്യേകിച്ചും ആചാരങ്ങളും ചടങ്ങുകളും നടത്തുമ്പോള്‍ വ്യക്തിക്ക് നിര്‍വൃതി നല്‍കുന്ന ഒരു സംഭവമായി ഇത് കണക്കാക്കപ്പെടുന്നു'', കോടതി നിരീക്ഷിച്ചു.
അനിയോജ്യമായ ചടങ്ങുകള്‍ നടത്താത്ത പക്ഷം ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് 7(1) പ്രകാരം അതിന് പൂര്‍ണതയില്ല. സെക്ഷന്‍ ഏഴിന്റെ രണ്ടാം ഉപവകുപ്പ് പ്രകാരം, സപ്തദി ചടങ്ങുകള്‍ പ്രകാരമാണ് വിവാഹം നടത്തുന്നതെങ്കില്‍ വരനും വധുവും അഗ്നിക്ക് ചുറ്റും ഏഴ് തവണ നടന്നാല്‍ മാത്രമേ വിവാഹം പൂര്‍ത്തിയാകുള്ളു എന്നാണ്. അതിനാല്‍ നിര്‍ദേശിച്ചിട്ടുള്ള ആചാരങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ ഹിന്ദു വിവാഹങ്ങള്‍ പൂര്‍ത്തിയായതായി കണക്കാക്കാന്‍ സാധിക്കുള്ളു'', കോടതി വ്യക്തമാക്കി.
ബിഹാറിലെ മുസാഫര്‍പൂരിലെ കോടതിയില്‍നിന്ന് വിവാഹമോചന ഹര്‍ജി ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ, പൈലറ്റുമാരായ ഈ ദമ്പതികള്‍ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം കേസ് പിന്‍വലിക്കാന്‍ സംയുക്ത അപേക്ഷ നല്‍കി. 2021 മാര്‍ച്ച് ഏഴിന് വിവാഹം നിശ്ചയം കഴിഞ്ഞ ഇവര്‍, 2021 ജൂലൈ 7-ന് തങ്ങളുടെ വിവാഹം കഴിഞ്ഞതായി അവകാശപ്പെട്ടു. 2017-ലെ ഉത്തര്‍പ്രദേശ് വിവാഹ രജിസ്‌ട്രേഷന്‍ നിയമപ്രകാരമുള്ള രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.
എന്നാല്‍, ഇവരുടെ കുടുംബങ്ങള്‍ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താനായി നിശ്ചയിച്ചിരുന്നത് 2022 ഒക്ടോബര്‍ 25-നാണ്. ഇതിനിടയില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഇവര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. 'ഒരു ഹിന്ദു വിവാഹം ബാധകമായ ആചാരങ്ങളോ സപ്തപദി പോലുള്ള ചടങ്ങുകളോ അനുസരിച്ചുള്ളതല്ലെങ്കില്‍, ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്ന് ബെഞ്ച് ഉത്തരവിട്ടു.
അതേസമയം, 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍, ഏതൊരു സ്ത്രീക്കും പുരുഷനും ഭാര്യ-ഭഭര്‍ത്താവ് പദവി ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്കനുസൃതമായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ഹിന്ദു വിവാഹത്തിന് തെളിവാകില്ല എന്നും ബെഞ്ച് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്കുള്ള എമിഗ്രേഷനും വിസയ്ക്കും വേണ്ടി മാത്രമുള്ള ഔപചാരിക വിവാഹ രീതി ഒഴിവാക്കണമെന്ന് ബെഞ്ച് പറഞ്ഞു. ഇരുവരുടെയും വിവാഹം സാധുവാകില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇരുവരും പരസ്പരം നല്‍കിയ മൂന്ന് കേസുകളും റദ്ദാക്കി.