സുതാര്യത പാലിക്കണം, പ്രതികാര നടപടി പാടില്ല; ഇ ഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ സുതാര്യത പാലിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ പ്രതികാര നടപടി സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും സഞ്ജയ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം3എമ്മിന്റെ ഡയറക്ടര്‍മാരായ പങ്കജിന്റെയും ബസന്ത് ബന്‍സലിന്റെയും ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇരുവരെയും ജൂണ്‍ 14ന് ഇ ഡി ളിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കള്ളപ്പണ നിരോധന നിയമ (പിഎംഎല്‍എ)ത്തിലെ 19-ാം വകുപ്പ് പ്രകാരമുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്‍സലിന്റെ ഹർജി. ഇവരുടെ അറസ്റ്റ് റദ്ദാക്കാന്‍ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ ഉത്തരവിനേയും ചോദ്യം ചെയ്തു.
ഇരുവർക്കും ജാമ്യം അനുവദിച്ച സുപ്രീം കോടതി ഇരുവരുടെയും അറസ്റ്റിന്റെ കാരണം ഇ ഡി രേഖാമൂലം നല്‍കാതെ വാക്കാല്‍ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തന രീതിയെ ഇത് മോശമായി പ്രതിഫലിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു.
'ഇഡി സുതാര്യമായിരിക്കണം. സത്യസന്ധതയുടെയുടെയും ന്യായത്തിന്റെയും പുരാതനമായ മാനദണ്ഡങ്ങള്‍ പാലിക്കണം. നിലപാടുകളില്‍ പ്രതികാരം പാടില്ല'- കോടതി പറഞ്ഞു.
പ്രതികളുടെ അറസ്റ്റിന്റെ കാരണം നിരത്താന്‍ ഇഡി പിന്തുടരുന്ന സ്ഥിരതയോ ഏകീകൃതമോ ആയ കീഴ്‌വഴക്കങ്ങളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള കാരണത്തിന്റെ പകര്‍പ്പ് അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ പ്രതികള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
''ആ അവകാശങ്ങള്‍ അനുച്ഛേദം 22 (1)പ്രകാരമുള്ള ഭരണഘടനാവകാശങ്ങളാണ്. ഇത് രേഖാമൂലമുള്ള അറസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടാന്‍ പ്രതികളെ പ്രാപ്തരാക്കുന്നു. അല്ലാത്തപക്ഷം ഈ കേസില്‍ സംഭവിച്ചത് പോലെ ഇ ഡിയുടെ പ്രവൃത്തി വാക്കാൽ മാത്രമായി ചുരുങ്ങും. അറസ്റ്റിന്റെ കാരണം അന്വേഷണ ഉദ്യോഗസ്ഥന്‍ വായിച്ച് കേൾപ്പിക്കുകയായിരുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 22 (1), പിഎംഎല്‍എ നിയമത്തിലെ 19 (1) വകുപ്പ് എന്നിവ അനുശാസിക്കുന്നത് പാലിക്കുന്നില്ല. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഇ ഡിയുടെ രഹസ്യ സ്വഭാവം ഏകപക്ഷീയമാകുന്നത് നല്ലതല്ല,''കോടതി പറഞ്ഞു.
അനുകൂല ഉത്തരവ് നേടിയെടുക്കുന്നതിന് മുന്‍ ജഡ്ജിക്ക് കൈക്കൂലി കൊടുത്തുവെന്ന കുറ്റവും പ്രതികൾക്കെതിരെ ഇഡി ചുമത്തിയിയിരുന്നു. നിരവധി ഷെല്‍ കമ്പനികള്‍ വഴി 400 കോടിയോളം രൂപ വകമാറ്റിയെന്നും ആരാപണമുണ്ട്. വിചാരണക്കോടതിയിലെ ഇഡി കേസുകളിലെ കോടതി നടപടികളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ഐറിയോ ഗ്രൂപ്പുമായി ചേര്‍ന്ന് എം3എം, പ്രത്യേക ജഡ്ജി സുധീര്‍ പര്‍മര്‍റിന് പരോക്ഷമായി കൈക്കൂലി കൊടുത്തെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടർന്ന് ജഡ്ജി ഏപ്രില്‍ 27 മുതല്‍ സസ്‌പെന്‍ഷനിലായി.
കുറ്റങ്ങള്‍ ഗുരുതരമാണെന്നും അന്വേഷണവുമായി പ്രതികള്‍ സഹകരിക്കുന്നില്ലെന്നും ഇ ഡി ആരോപിച്ചു. എന്നാല്‍ എഫ്‌ഐആറില്‍ പങ്കജിന്റെയോ ബസന്തിന്റെയോ പേരെടുത്ത് പരാമര്‍ശിച്ചില്ലെന്നും കമ്പനിയുടെ മറ്റൊരു ഡയറക്ടറായ രൂപ് ബസാലിന്റെ പേരിലാണ് എഫ്‌ഐആറെന്നും ബന്‍സാലിന്റെ ഹര്‍ജിയില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡിക്ക് നല്‍കുന്ന വലിയ അധികാരം ഏകപക്ഷീയമായ അറസ്റ്റിലേക്ക് നയിക്കുന്നുവെന്നും ഇഡിയെ നിയന്ത്രിച്ചില്ലെങ്കില്‍ പൗരന്മാര്‍ക്ക് വലിയ തരത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നും ജൂലൈയില്‍ അവസാനമായി വാദം കേട്ടപ്പോള്‍ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
എം3എമ്മിനെതിരെ ആദ്യമായി ഇഡി കേസെടുക്കുന്നത് 2021ലായിരുന്നു. തുടര്‍ന്ന് 2023 ജൂണില്‍ രൂപ് ബന്‍സാലിനെ ഇഡി അറസ്റ്റ് ചെയ്തപ്പോള്‍ പങ്കജും ബസന്തും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ ഇഡി പരാതിയില്‍ പേരില്ലെങ്കിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലായിരുന്നു ഇപ്പോഴത്തെ അറസ്റ്റ് നടന്നത്.