വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കർശനമാക്കണമെന്ന് സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കർശനമാക്കണമെന്ന് സുപ്രീംകോടതി

ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.
Updated on
1 min read

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക പരാമര്‍ശം.

കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട സുന്ദര്‍ ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വാദങ്ങളെല്ലാം വിവിധ കോടതികള്‍ വിശദമായി പരിശോധിച്ചതാണ്. ഈ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെല്ലാം പരസ്പരബന്ധിതവും ശക്തവുമാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ പ്രോസിക്യൂഷന്‍ തെളിവായി സ്വീകരിച്ചിരിക്കുന്ന ഫോണ്‍ രേഖകള്‍ വിശ്വസനീയമല്ലെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമ്പോള്‍ കൂടെ സമര്‍പ്പിക്കേണ്ട 65 ബി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

അതേസമയം വിചാരണക്കോടതിയില്‍ ശിക്ഷാവിധി സംബന്ധിച്ച് ഗൗരവത്തിലുള്ള വാദം നടന്നിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടിയെക്കുറിച്ചുള്ള വിചാരണക്കോടതി പരാമര്‍ശത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. '' കുടുംബത്തിലെ പ്രതീക്ഷയായ ഏക ആണ്‍കുട്ടി കൊല്ലപ്പെട്ടതിലൂടെ മാതാപിതാക്കള്‍ക്ക് വലിയ ആഘാതമുണ്ടായി'' എന്നായിരുന്നു വിചാരണക്കോടതി പരാമര്‍ശം. '' കുട്ടി ആണായാലും പെണ്ണായാലും കൊലപാതകം ഉണ്ടാക്കുന്ന ആഘാതം ഒരുപോലെയാണെന്നും സമൂഹത്തിലെ പുരുഷാധിപത്യ സ്വഭാവത്തിന് ശക്തിപകരുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വിലയിരുത്തി.

'സുന്ദറിന് സ്വഭാവ പരിവര്‍ത്തനമുണ്ടാകാന്‍ തരത്തിലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് ഒരു കോടതിയും പരിശോധിച്ചില്ല. അങ്ങനെയെന്തെങ്കിലും തെളിവുകളോ സാധ്യതകളോ ഉണ്ടോയെന്ന് പരിശോധിച്ചില്ല. അങ്ങനെ എന്തെങ്കിലും തെളിവുകളോ സാധ്യതകളോ ഉണ്ടെങ്കില്‍ അത് കോടതിക്ക് മുന്നില്‍ എത്തിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവിടെ കണ്ണും കെട്ടി നോക്കിനില്‍ക്കാന്‍ കോടതിക്ക് സാധിക്കില്ല' സുപ്രീംകോടതി പറഞ്ഞു.

കുറ്റകൃത്യം ചെയ്യുമ്പോള്‍ സുന്ദറിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. ജയിലിലെ പെരുമാറ്റം തൃപ്തികരമായിരുന്നു. ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

സ്‌കൂളിലേക്കുള്ള വഴിയാണ് ഏഴ് വയസ്സുകാരനെ സുന്ദര്‍ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് സുന്ദര്‍ കുട്ടിയുടെ അമ്മയെ ഫോണ്‍ ചെയ്തിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുന്ദറിനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തെളിവെടുപ്പിനിടെ സുന്ദര്‍ കൊലപാതക്കുറ്റം സമ്മതിച്ചു. തുടർന്ന് സുന്ദറിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

logo
The Fourth
www.thefourthnews.in