കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യം നൽകണം; 11 ദിവസം മാത്രം പ്രസവാവധി നൽകിയതിന് എതിരായ ഹർജിയിൽ സുപ്രീംകോടതി
കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സുപ്രീംകോടതി. 11 ദിവസം മാത്രം പ്രസവാവധി നൽകിയതിനെതിരായ ഹർജിയിലാണ് ഉത്തരവ്. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്‌ട് സെക്ഷൻ 5, 8 എന്നിവ പ്രകാരം ലഭ്യമാകുന്ന പ്രസവാനുകൂല്യങ്ങൾ മൂന്ന് മാസത്തിനകം നൽകാനും കോടതി തൊഴിലുടമയോട് നിർദേശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കരാർ കാലഹരണപ്പെട്ടതിനാൽ പ്രസവാനുകൂല്യങ്ങൾ 11 ദിവസത്തേക്ക് പരിമിതപ്പെടുത്തിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1961ലെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിലെ സെക്ഷൻ 12(2(എ) പ്രകാരം ഗർഭകാലത്ത് പിരിച്ചുവിടപ്പെടുന്ന സ്ത്രീക്ക് പോലും ആനുകൂല്യങ്ങൾ നൽകണമെന്ന് കോടതി നിരീക്ഷിച്ചു. നിയമത്തിൽ തന്നെ തൊഴിൽ കാലാവധിക്ക് അപ്പുറം ഒരു കാലയളവിലേക്ക് ആനുകൂല്യങ്ങൾ നീട്ടുന്നതിനുള്ള വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രസവാനുകൂല്യങ്ങൾ നീട്ടുന്നതിനുള്ള മുൻ വിധികളെക്കുറിച്ച് പരാമർശിച്ച കോടതി, നിയമത്തിന്റെ 27-ാം വകുപ്പ് മറ്റ് നിയമങ്ങളെയും കരാറുകളെയും അസാധുവാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. കരാർ കാലാവധി അവസാനിച്ചാൽ പ്രസവാനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ജസ്റ്റിസ് സഞ്ജയ് കുമാർ നിയമത്തിൽ അനുശാസിക്കുന്ന കാര്യങ്ങൾ പരാമർശിച്ചത്.
ഡൽഹിയിലെ ജനക്പുരി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പാത്തോളജി ഡോക്ടറാണ് ഹർജിക്കാരി. മൂന്ന് വർഷം കൂടുമ്പോഴാണ് ഇവരുടെ കരാർ പുതുക്കുക. 2017 മെയ് 24നാണ് അവർ 2017 ജൂൺ 1 മുതലുള്ള പ്രസവാവധിക്ക് അപേക്ഷിക്കുന്നത്. എന്നാൽ മൂന്ന് വർഷത്തെ കരാർ കാലയളവ് അവസാനിച്ചതിനാൽ പ്രസവാനുകൂല്യത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലുടമ ജൂൺ 11 വരെ മാത്രമാണ് പ്രസവാവധി നൽകിയത്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, ഡൽഹി ഹൈക്കോടതി എന്നിവയ്ക്ക് മുമ്പാകെ അപ്പീൽ നൽകിയെങ്കിലും നടപടിയുണ്ടായില്ല.