എസ്‌സി-എസ്‌ടി ആക്‌ട് പ്രയോഗിക്കുന്നതിന് മുൻപ് പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി
എസ്‌സി-എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമം പോലുള്ള കർശന നിയമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് മുൻപ് പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി. നിർദ്ദിഷ്ട കേസിന് വ്യവസ്ഥകൾ ബാധകമാണെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കർണാടക സ്വദേശി വെങ്കിടേഷ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഗുലാം മുസ്തഫ നൽകിയ അപ്പീൽ പരിഗണിക്കവയായിരുന്നു കോടതിയുടെ പരാമർശം.
കർക്കശമായ നിയമങ്ങളുടെ പ്രയോഗക്ഷമത കുറയ്ക്കാനല്ല ഈ നിരീക്ഷണങ്ങൾ നടത്തുന്നതെന്ന് കോടതി വ്യക്തമാക്കി. യാന്ത്രികമായി നിയമം പ്രയോഗിക്കരുതെന്ന് പോലീസിനെ ഓർമിപ്പിക്കാൻ വേണ്ടിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.
ഒരു വസ്തുവുമായി ബന്ധപ്പെട്ട് കമ്പനി ഏർപ്പെട്ട കരാറിനെ തുടർന്നാണ് പരാതി നൽകിയതെന്നും തർക്കം അടിസ്ഥാനപരമായി സിവിൽ സ്വഭാവമുള്ളതാണെന്നും ഹർജിക്കാരൻ വാദിച്ചു. തന്റെ ഭൂമിയുടെ പഴയ സർവേ നമ്പറും കേസിലുൾപ്പെട്ട ഭൂമിയുടെ പുതിയ സർവേ നമ്പരും തമ്മിലുള്ള സാമ്യം മുതലെടുത്താണ് പരാതി നൽകിയതെന്നാണ് ആരോപണം. പരാതിയും എഫ്‌ഐആറും പരിശോധിച്ച്, ആരോപണങ്ങൾ മുഖവിലയ്‌ക്കെടുത്താൽ പോലും, പരാതിക്കാരനെതിരെ എസ്‌സി/എസ്‌ടി ആക്‌ട് പ്രകാരം എന്തെങ്കിലും കുറ്റകൃത്യം നടന്നതായി പറയാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ സിവിൽ കേസുകൾ നിലനിൽക്കുന്നുമെന്നും ബാക്കിയുളളതൊക്കെ കെട്ടിച്ചമച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുലാം മുസ്തഫയുടെ കമ്പനി ഏർപ്പെട്ടിരിക്കുന്ന കരാറിൽ പരാമർശിച്ചിരിക്കുന്ന ഭൂമിയിൽ അപ്പാർട്ട്‌മെന്റുകൾ നിർമിക്കുകയും അത് വിറ്റതിന് ശേഷമാണ് തർക്കം ഉയർന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിൽ നിന്നുതന്നെ പ്രതിക്കെതിരെയുളള പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്നും പരാതി നൽകിയ വ്യക്തിയുടേതാണ് ഭൂമിയെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്നും കോടതി ചോദിച്ചു.
വെങ്കിടേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്തഫയ്ക്കെതിരെ എസ്‌സി-എസ്‌ടി നിയമത്തിലെ വകുപ്പുകൾ ചുമത്തി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്‌ഐആർ റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചതോടെ ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.