ധാതുസമ്പത്തിന് നികുതി: 2005 ഏപ്രിൽ മുതലുള്ള നികുതി കുടിശിക സംസ്ഥാനങ്ങൾക്ക് പിരിക്കാമെന്ന് സുപ്രീംകോടതി

ധാതുസമ്പത്തിന് നികുതി: 2005 ഏപ്രിൽ മുതലുള്ള നികുതി കുടിശിക സംസ്ഥാനങ്ങൾക്ക് പിരിക്കാമെന്ന് സുപ്രീംകോടതി

ഇന്ത്യ സിമൻ്റ് ലിമിറ്റഡും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള കേസിലെ 1989 ലെ വിധി അസാധുവാക്കിക്കൊണ്ടായിരുന്നു ജൂലൈ 25 ലെ കോടതി വിധി
Updated on
1 min read

ധാതുസമ്പത്തിന് നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന് വിധിപ്രസ്താവം നടന്ന ദിവസത്തിന് ശേഷമേ പ്രാബല്യമുള്ളൂവെന്ന വാദം തള്ളി സുപ്രീംകോടതി. 2005 ഏപ്രിൽ ഒന്ന് മുതലുള്ള ധാതുസമ്പത്തിന് മേലുള്ള നികുതി കുടിശിക പിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കാകും. 2024 ജൂലൈ 25-നായിരുന്നു ഖനനത്തിനും ധാതു ഉപയോഗത്തിനും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്ന വിധിപ്രസ്താവം സുപ്രീംകോടതി ഒൻപതംഗ ബെഞ്ച് പുറപ്പെടുവിച്ചത്.

ബുധനാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ നികുതി കുടിശിക അടയ്ക്കാൻ 12 വർഷത്തെ സമയപരിധിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നൽകി. 2026 ഏപ്രിൽ ഒന്ന് മുതൽ കുടിശ്ശികകൾ ഒടുക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. കൂടാതെ 2024 ജൂലായ് 25-ന് മുമ്പുള്ള കാലയളവിലെ നികുതിക്ക് പലിശയോ പിഴയോ ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി.

ധാതുസമ്പത്തിന് നികുതി: 2005 ഏപ്രിൽ മുതലുള്ള നികുതി കുടിശിക സംസ്ഥാനങ്ങൾക്ക് പിരിക്കാമെന്ന് സുപ്രീംകോടതി
ധാതു ഖനനം: സംസ്ഥാനങ്ങള്‍ക്ക് നികുതിയും ഈടാക്കാം, റോയല്‍റ്റി നികുതിയല്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഇന്ത്യ സിമൻ്റ് ലിമിറ്റഡും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള കേസിലെ 1989 ലെ വിധി അസാധുവാക്കിക്കൊണ്ടായിരുന്നു ജൂലൈ 25 ലെ കോടതി വിധി. ഖനന നടത്തിപ്പുകാർ കേന്ദ്രസർക്കാരിനു നൽകുന്ന റോയൽറ്റി എന്നത് നികുതിയല്ലെന്ന് കോടതി വ്യക്തമാക്കി. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം (ഖനി നിയമം) ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നിഷേധിക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

സംസ്ഥാനങ്ങളുടെ അധികാര പരിധിയിലെ സ്ഥലങ്ങളിലുള്ള ധാതുക്കളുടെ അവകാശങ്ങൾക്ക് നികുതി ചുമത്താൻ പാർലമെന്റിന് അധികാരമില്ല. ധാതുക്കളുടെ അവകാശങ്ങൾക്കു നികുതി ചുമത്താനുള്ള നിയമനിർമാണ അവകാശം നിയമസഭയ്ക്കാണ്. ധാതുക്കളുള്ള ഭൂമിക്ക് നികുതി ചുമത്തുന്നതിന് പട്ടിക രണ്ടിലെ എൻട്രി 49-നൊപ്പം ഭരണഘടനയുടെ അനുച്ഛേദം 246 പ്രകാരം നിയമസഭയ്ക്ക് നിയമനിർമാണത്തിനു കഴിയുമെന്നും വിധിയിൽ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in