"ഇന്ന് ബിൽക്കിസ്, നാളെ ആരുമാകാം": ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ നടപടിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന 11 പേരെ നേരത്തെ മോചിപ്പിച്ചതിനുള്ള കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിൽ ഇളവ് പരിഗണിക്കുമ്പോൾ, പൊതുതാത്പര്യം കണക്കിലെടുത്ത് അധികാരം വിനിയോഗിക്കണമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനു ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
"എന്താണ് സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള കാരണം. തീരുമാനം എടുത്തത് യുക്തിപരമായാണോ എന്നതാണ് ചോദ്യം. കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ അവരെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിട്ടയച്ചു. ഇന്ന് ബിൽക്കിസ് ബാനുവാണ്, നാളെയത് നിങ്ങളോ ഞാനോ ആകാം. പ്രതികളെ വിട്ടയയ്ക്കുന്നതിൽ വസ്തുനിഷ്ഠമായ കാരണങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ കൃത്യമായ കാരണം നൽകിയില്ലെങ്കിൽ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും" -ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു.
സംസ്ഥാനത്തിന്റെ തീരുമാനത്തിനോട് കേന്ദ്രം യോജിച്ചു എന്നത് കൊണ്ട് തീരുമാനം യുക്തിയുള്ളതാണോ എന്ന് പരിശോധിക്കാതിരിക്കേണ്ടതില്ലേ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകൾ സമർപ്പിക്കാൻ കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് ഒന്നിന് മുൻപായി എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. മെയ് 2 ന് കേസ് വീണ്ടും പരിഗണിക്കും.
കേസിനെ സംബന്ധിച്ച രേഖകളും ഹർജി പരിഗണിക്കവെ കോടതി പരിശോധിച്ചിരുന്നു. കുറ്റകൃത്യത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ പ്രതികൾ 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു എന്നും ചൂണ്ടിക്കാട്ടിയ പ്രതിഭാഗം വക്കീലിനോട് 1000 ത്തിലധികം പരോൾ ലഭിച്ചാണോ 15 വർഷം ശിക്ഷ അനുഭവിച്ചതെന്ന് കോടതി ചോദിച്ചു. "തടവിലായിരിക്കെ പ്രതികൾക്ക് 3 വർഷത്തെ പരോൾ അനുവദിച്ചിട്ടുണ്ട്, 1000 ലധികം ദിവസം. ഓരോ പ്രതികൾക്കും 1500 ദിവസമെങ്കിലും പരോൾ ലഭിച്ചിട്ടുണ്ട്. എന്ത് നയമാണ് നിങ്ങൾ പിന്തുടരുന്നത്"- കോടതി ചോദിച്ചു. കൂട്ടക്കൊലകളും ബലാത്സംഗങ്ങളും പോലുള്ള കേസുകൾ സാധാരണ കൊലപാതകങ്ങളുമായി താരതമ്യം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. " നിങ്ങൾ ഓറഞ്ചും ആപ്പിളും താരതമ്യം ചെയ്യുമോ ?" എന്നാണ് കോടതി ചോദിച്ചത്.
അതേസമയം, പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്‍ കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫയലുകള്‍ ഹാജരാക്കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ബൽക്കിസ് ബാനു ഹർജി നൽകിയത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികളെയാണ് വിടുതൽ നയപ്രകാരം ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15ന് മോചിപ്പിച്ചത്.