എക്ത കപൂർ
എക്ത കപൂർ Google

'യുവാക്കളുടെ മനസ് മലിനീകരിക്കുന്നു' : എക്ത കപൂറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

എക്ത കപൂറിന്റെ വെബ് സീരിസായ 'XXX' ലെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിമർശനം
Updated on
1 min read

സിനിമാ - സീരിയല്‍ നിർമാതാവ് എക്ത കപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. എക്ത കപൂറിന്റെ വെബ് സീരിസായ 'XXX' സീസണ്‍ 2- ലെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിമർശനമുന്നയിച്ചത്. 'രാജ്യത്തെ യുവജനങ്ങളുടെ മനസിനെ ഏക്താകപൂർ മലിനീകരിക്കുന്നു' എന്നായിരുന്നു കോടതി പരാമർശം. അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്ത കപൂർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

എക്ത കപൂറിന്റെ ഒടിടി പ്ലാറ്റഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്യുന്ന 'XXX' വെബ് സീരീസിന്റെ ഉള്ളടക്കത്തെക്കുറിച്ച് മുൻ സൈനികനായ ശംഭുകുമാർ നൽകിയ പരാതിയിലാണ് ബിഹാറിലെ ബെഗുസരായ് വിചാരണ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നത്. പട്ന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഉടൻ വാദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എക്ത കപൂറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഗത്തി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

മുൻപ് സമാനമായ വിഷയത്തിൽ കോടതി എക്താകപൂറിന് സംരക്ഷണം നൽകിയിട്ടുണ്ടെന്ന് മുകുൾ റോഗത്തി വാദിച്ചു. വെബ്‌ സീരീസ് സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ളതാണെന്നും , ഈ രാജ്യത്ത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യത്തെ ജനങ്ങൾക്ക് നിങ്ങൾ എന്ത് തരത്തിലുള്ള തിരഞ്ഞെടുപ്പാണ് നൽകുന്നതെന്നായിരുന്നു കോടതി ചോദിച്ചത്.

" ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടതുണ്ട്. രാജ്യത്തെ യുവജനങ്ങളുടെ മനസിനെ നിങ്ങൾ മലിനീകരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ന് എല്ലാവർക്കും ലഭ്യമാണ്. എന്ത് തരം തിരഞ്ഞെടുപ്പാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത് ? " ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ചെലവുകൾ താങ്ങാനും നല്ല അഭിഭാഷകരെ നിയമിക്കാനും സാധിക്കുമെന്നത് കൊണ്ട് എല്ലാ തവണയും ഇത്തരം കാര്യങ്ങളുമായി സമീപിക്കുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് പട്ന ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ പുരോഗതി നിരീക്ഷിക്കാന്‍ പ്രാദേശിക അഭിഭാഷകനെ നിയമിക്കുമെന്ന് കോടതി അറിയിച്ചു.

logo
The Fourth
www.thefourthnews.in