ടീസ്റ്റ സെതല്‍വാദ്
ടീസ്റ്റ സെതല്‍വാദ്

ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാന്‍ശു ധുലിയ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
Updated on
1 min read

സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാന്‍ശു ധുലിയ എന്നിവരുള്‍പ്പെടുന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ടീസ്റ്റയുടെ ജാമ്യഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട സുപ്രീം കോടതി, ജാമ്യാപേക്ഷ ചൊവാഴ്ച ഉച്ചയ്ക്കുശേഷമായി ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സമയക്കുറവുമൂലം ഹര്‍ജി പരിഗണിക്കാനായിരുന്നില്ല. തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 25ന് ഗുജറാത്ത് പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് മുംബൈയിലെ വസതിയില്‍ നിന്നാണ് ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി ടീസ്റ്റയുടെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഗുജറാത്ത് പോലീസ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസില്‍ പ്രതികളാണ്. ശ്രീകുമാറിനെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

ടീസ്റ്റ സെതല്‍വാദ്
ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്: വിധിയില്‍ വ്യക്തത വേണം; ചീഫ് ജസ്റ്റിസിന് സാമുഹ്യപ്രവര്‍ത്തകരുടെ കത്ത്

2002ലെ കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടിയെ ജൂണ്‍ 24ന് സുപ്രീം കോടതി ശരിവച്ചിരുന്നു. സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.

മോദി സര്‍ക്കാരില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ മൊഴികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. വിധി വന്ന് പിറ്റേദിവസമാണ്, ഗുജറാത്ത് പോലീസ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്, കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ ചോദ്യം ചെയ്ത ഇരുവരെയും അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in