ഹിൻഡൻബർഗ് റിപ്പോർട്ട്: വിദേശ ഇടപെടലിൽ അദാനി ഗ്രൂപ്പിന് സെബി ഇളവ് നൽകിയെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി

ഹിൻഡൻബർഗ് റിപ്പോർട്ട്: വിദേശ ഇടപെടലിൽ അദാനി ഗ്രൂപ്പിന് സെബി ഇളവ് നൽകിയെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി

ഓഹരിവിലയിലെ കൃത്രിമം തടയുന്ന നിയന്ത്രണ സംവിധാനത്തില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്
Updated on
2 min read

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വ്യക്തമായ ചിത്രം നല്‍കാനാകാതെ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി. അദാനി ഗ്രൂപ്പിന്റെ സെബി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വ്യക്തമായ നിഗമനത്തിലെത്താന്‍ സമിതിക്ക് സാധിക്കുന്നില്ല. അദാനി ഗ്രൂപ്പിന്റെ കൃത്രിമവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ 13 വിദേശകമ്പനികളുടെ ഇടപെടലില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇളവ് നല്‍കിയെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ ഓഹരിവിലയിലെ കൃത്രിമം തടയുന്ന നിയന്ത്രണ സംവിധാനത്തില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ജസ്റ്റിസ് എ എം സാപ്ര അധ്യക്ഷനായ വിദഗ്ധ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

സെബി എത്ര ശ്രമിച്ചിട്ടും ആരോപണവിധേയമായ 13 വിദേശസ്ഥാപനങ്ങളുടെ ഉടമസ്ഥത കണ്ടെത്താനായിട്ടില്ലെന്ന് സമിതി നിസ്സംശയം വ്യക്തമാക്കുന്നുണ്ട്. ഈ 13 വിദേശ കമ്പനികള്‍ക്കും അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരുമായി സംശയകരമായ ബന്ധമുണ്ട്. ഗുണഭോക്താക്കളായ ഉടമകളെന്ന നിലയിലാണ് ഇവരുടെ വിശദാംശങ്ങള്‍ കമ്പനി സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ സെബിയുടെ ഇടപെടല്‍ ശക്തമായിരുന്നില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അദാനി സ്റ്റോക്കുകളുമായി ബന്ധപ്പെട്ട വിവരശേഖരണം സെബി നടത്തണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവയ്ക്കുന്നു. വിദേശ ഇടപാടുകള്‍, സെക്യൂരിറ്റി ചട്ടലംഘനം എന്നിവയില്‍ ഒരുകേസും എടുക്കാത്ത സാഹചര്യത്തിലാണിത്. നിയന്ത്രണസംവിധാനത്തില്‍ വീഴ്ചയില്ലെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സെബിയെ സംശയത്തിന്റെ സാഹചര്യത്തിലേക്ക് തള്ളിവിട്ടിട്ടുണ്ടെന്നും സമിതി വ്യക്തമാക്കുന്നു.

വിദഗ്ധ സമിതിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ വളരെ പരിമിതമായ ഇടപെടലുകള്‍ക്കും ഡാറ്റ ശേഖരണത്തിനും മാത്രമെ സാധ്യത നല്‍കുന്നുള്ളൂവെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആവശ്യമായ ഡാറ്റ ശേഖരണത്തിലൂടെ നിഗമനത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ കൂടിയാണ് നിയന്ത്രണ പരാജയമില്ലെന്ന നിഗമനത്തില്‍ സമിതി എത്തിച്ചേര്‍ന്നതെന്നും സംശയിക്കേണ്ടി വരും.

വിദേശ പോര്‍ട്ട്ഫോളിയോ ഇന്‍വസ്റ്റേഴ്സിന് അദാനി ഗ്രൂപ്പുമായി ബന്ധമില്ലെന്ന നിഗമനത്തിലെത്തിച്ചേരാന്‍ സെബിക്ക് സാധിച്ചിട്ടില്ലെന്ന് വിദഗ്ധ സമിതി തന്നെ വ്യക്തമാക്കുന്നു. അതിലെല്ലാമുപരി അദാനി ഓഹരികള്‍ വാങ്ങിയ എല്‍ഐസി ഇടപെടലിലെ ദുരൂഹതയും ചൂണ്ടിക്കാട്ടുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരിവില 1031ല്‍ നിന്ന് 3859 രൂപയായി ഉയര്‍ന്നപ്പോഴാണ് 4.8 കോടിയുടെ ഓഹരികള്‍ എല്‍ഐസി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നില്‍ ആരുടെ താത്പര്യമാണെന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. റിപ്പോര്‍ട്ടിനെപ്പറ്റി അന്വേഷിക്കാന്‍ മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി എ എം സാപ്ര അധ്യക്ഷനായ സമിതി രൂപീകരിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി സമിതിയോട് നിര്‍ദേശിച്ചിരുന്നത്.

സുപ്രീംകോടതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരിവില ഉയര്‍ന്നു. അദാനി എന്‍ര്‍പ്രൈസിന്റെ ഓഹരി വില 1.73 ശതമാനം ഉയര്‍ന്ന് 1920.70 രൂപയിലെത്തി. അദാനി പോര്‍ട്ട്‌സിന്റെ ഓഹരി 1.8 ശതമാനം ഉയര്‍ന്ന് 675.70 രൂപയായി.

ഹിൻഡൻബർഗ് റിപ്പോർട്ട്: വിദേശ ഇടപെടലിൽ അദാനി ഗ്രൂപ്പിന് സെബി ഇളവ് നൽകിയെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്വേഷണത്തിന് സെബിക്ക് മൂന്ന് മാസം അനുവദിച്ച് സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അന്വേഷണത്തിനായി സെബിക്ക് സുപ്രീംകോടതി മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. ഓഗസ്റ്റ് 14നകം അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിര്‍ദേശം. അതിന് ശേഷം കൂടുതൽ സമയം അനുവദിക്കണോ എന്ന് കോടതി തീരുമാനിക്കും.

അന്വേഷണത്തിനായി ആറുമാസം സമയം കൂടി നീട്ടിനല്‍കണമെന്ന് സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നുമാസത്തിലേറെ സമയം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈ 11 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.

logo
The Fourth
www.thefourthnews.in