സുപ്രീംകോടതി നടപടിക്രമങ്ങൾ ഇന്ന് മുതൽ വിരല്‍ തുമ്പില്‍

സുപ്രീംകോടതി നടപടിക്രമങ്ങൾ ഇന്ന് മുതൽ വിരല്‍ തുമ്പില്‍

ആദ്യഘട്ടത്തിൽ യൂട്യൂബിലൂടെയാകും കോടതി നടപടികൾ തത്സമയം സ്ട്രീം ചെയ്യുക
Updated on
2 min read

സുപ്രീംകോടതി ഇന്ന് മുതൽ ലൈവ് ആകും. പൊതുജനങ്ങളെ നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ പരിചിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഹിയറിങ്ങുകൾ webcast.gov.in എന്ന പ്ലാറ്റ്ഫോമിലൂടെ എല്ലാവർക്കും തത്സമയം കാണാനാകും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വെബ്കാസ്റ്റ് പോർട്ടലാണ് ലൈവ് സ്ട്രീമിംഗ് സജ്ജീകരിക്കുന്നത്. എന്നാൽ ആദ്യ ദിവസം കോടതി നടപടികൾ യൂട്യൂബിലൂടെയാകും തത്സമയ സ്ട്രീം ചെയ്യുക, തുടർന്ന് വെബ്സൈറ്റിലേക്ക് മാറും. ഫോൺ, ലാപ്‌ടോപ്, കമ്പ്യൂട്ടർ എന്നിവയിലൂടെ നടപടിക്രമങ്ങൾ യാതൊരു തടസ്സവുമില്ലാതെ എല്ലാവർക്കും തത്സമയം വീക്ഷിക്കാനാകും.

യൂട്യൂബ് ഉപയോഗിക്കുന്നതിന് പകരം നടപടിക്രമങ്ങൾ സംപ്രേക്ഷണം ചെയ്യാൻ സുപ്രീംകോടതിക്ക് സ്വന്തം “പ്ലാറ്റ്ഫോം” ഉടൻ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബര്‍ 24ന് വ്യക്തമാക്കിയിരുന്നു. മുന്‍പ് ഒരു തവണ മാത്രമാണ് സുപ്രീംകോടതി നടപടികൾ ലൈവായി സ്ട്രീം ചെയ്തത്. ഓഗസ്റ്റ് 26ന് മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിക്കുന്നതിന് തൊട്ട് മുന്നേയുള്ള ദിവസത്തെ ഭരണഘടനാ ബെഞ്ചിന്റെ നടപടിക്രമങ്ങളായിരുന്നു പൊതുജനങ്ങൾക്കായി തത്സമയം എത്തിച്ചത്.

ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ യഥാക്രമം നേതൃത്വം നൽകുന്ന മൂന്ന് ഭരണഘടനാ ബെഞ്ചുകളാണ് ഇന്ന് വാദം കേൾക്കുക. 103-ാം ഭരണഘടനാ ഭേദഗതിയായ ഇഡബ്ല്യൂഎസിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയുടെ തുടർവാദമാകും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. മഹാരാഷ്ട്ര ശിവസേനയിലെ ഏകനാഥ് ഷിൻഡെ പക്ഷവും ഉദ്ധവ് താക്കറെയുമായുള്ള ഭിന്നത സംബന്ധിച്ച ഹർജിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ വാദം കേൾക്കുന്നത്. ജസ്റ്റിസ് കൗൾ അധ്യക്ഷനാകുന്ന ബെഞ്ച് അഖിലേന്ത്യാ ബാർ പരീക്ഷയുടെ സാധുതയുമായി ബന്ധപ്പെട്ട വിഷയവും പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സുപ്രീംകോടതി നടപടിക്രമങ്ങൾ ഇന്ന് മുതൽ വിരല്‍ തുമ്പില്‍
സുപ്രീംകോടതിയും 'ലൈവ്' ആകുന്നു; ഭരണഘടനാ ബെഞ്ച് നടപടികൾ സെപ്റ്റംബര്‍ 27 മുതല്‍ തത്സമയം

2018 സെപ്റ്റംബർ 26-നാണ് കേസുകൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന ആശയം സുപ്രീംകോടതി അംഗീകരിച്ചത്. നീതിന്യായ സംവിധാനം ഭിന്നശേഷിക്കാർക്ക് കൂടുതൽ പ്രാപ്യമാക്കാൻ ആവശ്യമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കാൻ ഇ-കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശനിയാഴ്ച പറഞ്ഞു. അതിന്റെ ഭാഗമായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള സെർച്ച് പോർട്ടലും സൃഷ്ടിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ 75 ലക്ഷത്തിലധികം വിധികൾ ഈ പോർട്ടൽ വഴി സൗജന്യമായി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച പരിമിതിയുള്ളവർക്ക് സുപ്രീം/ ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കേസുകളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാകുന്നതിന് ഓഡിയോ ക്യാപ്ച്ച പോലുള്ള സംവിധാനവും കൊണ്ടുവന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in