ഹിജാബ് വിലക്ക് വീണ്ടും സുപ്രീംകോടതിയില്‍; അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ഹിജാബ് വിലക്ക് വീണ്ടും സുപ്രീംകോടതിയില്‍; അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക
Updated on
1 min read

കർണാടകയിലെ ഹിജാബ് വിലക്കുകമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഹർജി. അടിയന്തരമായ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹർജി മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു.

ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു. മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കേണ്ട തീയതി ഉടൻ തീരുമാനിക്കുമെന്നും രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് മീനാക്ഷി അറോറക്ക് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് മീനാക്ഷി അറോറ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തിൽ ഇടക്കാല വിധി വേണമെന്നും അവർ പറഞ്ഞു.

ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്നും മീനാക്ഷി അറോറ കോടതി മുൻപാകെ ബോധിപ്പിച്ചു. ഫെബ്രുവരി ആറിന് പരീക്ഷ തുടങ്ങുകയാണ്. ഹിജാബ് വിലക്ക് നിലനിൽക്കുന്ന സർക്കാർ കോളേജുകളിലാണ് വിദ്യാർഥിനികൾ പരീക്ഷ എഴുതേണ്ടത്. വിലക്ക് നിലനിൽക്കുന്നതിനാൽ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമാണ് വിദ്യാർഥിനികൾക്കുള്ളതെന്നും അവർ കോടതിയെ അറിയിച്ചു.

ഹിജാബ് വിലക്ക് വന്നതിന് ശേഷം ഇതിനോടകം വിദ്യാർഥിനികൾക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെട്ടുവെന്നും സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജുകളിൽ ഹിജാബ് നിരോധിച്ചതിനെ തുടർന്ന് മുസ്ലീം പെൺകുട്ടികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഫെബ്രുവരി ആറിന് ആരംഭിക്കാനിരിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകൾ സ്വകാര്യ കോളേജുകൾക്ക് പരീക്ഷ നടത്താൻ കഴിയില്ല. അതുകൊണ്ട് വിഷയത്തിൽ ഇടക്കാല വിധി വേണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവെയ്ക്കുകയും ജസ്റ്റിസ് സുധാംശു ദുലിയ വിധി റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in