അക്കാദമിക് താൽപ്പര്യം മാത്രമോ? - നോട്ടു നിരോധനത്തിനെതിരായ ഹർജികളില്‍ സുപ്രീംകോടതി

അക്കാദമിക് താൽപ്പര്യം മാത്രമോ? - നോട്ടു നിരോധനത്തിനെതിരായ ഹർജികളില്‍ സുപ്രീംകോടതി

6 വര്‍ഷത്തിന് ശേഷം പരിഗണിച്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാനായി ഒക്ടോബർ 12ലേക്ക് മാറ്റി
Updated on
1 min read

നോട്ടുനിരോധനത്തിനെതിരായ ഹർജികൾ അക്കാദമിക് താല്‍പര്യം മാത്രമായി മാറിയോ എന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ആറ് വർഷത്തിനുശേഷം പരിഗണിച്ച ഹർജികൾ സുപ്രീംകോടതി ഒക്ടോബർ 12ന് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള 58 ഹർജികൾ പരി​ഗണിച്ചത്.

ഹർജികൾ ഇനിയും നിലനിൽക്കുമോ എന്ന ചോദ്യമാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ മുന്നോട്ടുവച്ചത്. ഈ വിഷയം അക്കാദമിക്കായി പരിഗണിക്കാന്‍ കോടതിയുടെ അഞ്ചംഗ ബെഞ്ച് വിലയേറിയ സമയം ചെലവഴിക്കണോ എന്നും അദ്ദേഹം ചോദിച്ചു.

2016ൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നിരവധി പ്രശ്‌നങ്ങൾ കണ്ടെത്തി ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്‌തിട്ടുണ്ടെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതികളെ വിലക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രണ്ട് വശങ്ങളാണ് ഹര്‍ജികള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനെന്ന സർക്കാരിന്റെ അവകാശവാദം, തീരുമാനം ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ എന്നിവയാണ് മുന്നോട്ടുവയ്ക്കുന്ന രണ്ട് വിഷയങ്ങള്‍.

പ്രായോഗിക തലത്തില്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത കോടതിയില്‍ സ്വീകരിച്ച നിലപാട്. അക്കാദമിക് വിഷയമായി ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് സംഭാവനകളുണ്ടാകുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജികള്‍ അക്കാദമിക് വിഷയമായി മാറിയോ എന്ന് പരിശോധിക്കാനായി ഒക്ടോബര്‍ 12ലേക്ക് മാറ്റിയത്.

2016 നവംബർ എട്ടാം തീയതിയാണ് മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരോധിച്ചത്. ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റല്‍ ഇക്കണോമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.

logo
The Fourth
www.thefourthnews.in