സിദ്ദിഖ് കാപ്പന്‍
സിദ്ദിഖ് കാപ്പന്‍

വിചാരണ ഇല്ലാതെ രണ്ട് വർഷത്തോളമായി ജയിലിൽ, സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്
Updated on
1 min read

ഹാഥ്റസ് ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച ഹർജിയിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ഓഗസ്റ്റ് രണ്ടിന് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

മാധ്യമപ്രവർത്തകനെന്ന നിലയിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനുള്ള ചുമതല നിറവേറ്റുക മാത്രമായിരുന്നു കാപ്പന്റെ ഹാഥ്റസ് സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് ജാമ്യഹര്‍ജിയില്‍ പറയുന്നു. കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പനെ കസ്റ്റഡിയിലെടുത്തത്. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട മൗലികമായ ചോദ്യമാണ് തന്റെ കേസ് ഉയർത്തുന്നതെന്ന് സിദ്ദിഖ് കാപ്പന്‍ പറയുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെയും ചോദ്യം ചെയ്യുന്നു. ന്യായമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി കളഞ്ഞതെന്നും കാപ്പന്‍ ഹർജിയില്‍ പറയുന്നു.

തീവ്രവാദി സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവുകളൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ജോലി ചെയ്തതിലൂടെ ലഭിച്ച പണം മാത്രമാണ് കൈവശം ഉണ്ടായിരുന്ന ഏക ഫണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നാണ് പണം സ്വീകരിച്ചതെന്ന് കരുതിയാൽപ്പോലും പിഎഫ്ഐ ഒരു ഭീകരസംഘടനയല്ല. തനിക്കുമേൽ ആരോപിക്കുന്ന നിരോധിത സംഘടന സിമിയുമായുള്ള ബന്ധവും കാപ്പന്‍ നിരസിക്കുന്നു. അതേസമയം കാപ്പൻ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ആലമിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റം ചുമത്താന്‍ കാരണമായ വസ്തുക്കളൊന്നും ആലമിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. പലവട്ടം മാറ്റിവെച്ച ശേഷമായിരുന്നു വാദം പൂർത്തിയാക്കിയത്. എന്നാൽ കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

2020 ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസ് ബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തിൽ കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in