ഗ്യാന്‍വാപി മസ്ജിദ്
ഗ്യാന്‍വാപി മസ്ജിദ്

ഗ്യാന്‍വാപി: ശാസ്ത്രീയ സർവേ ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതിയില്‍

ഗ്യാൻവാപിയിലെ കാർബൺ പരിശോധനക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്
Updated on
1 min read

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെ ശാസ്ത്രീയ സര്‍വേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഗ്യാൻവാപിയിലെ കാർബൺ പരിശോധനക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്.

ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയുടെ നിവേദനങ്ങള്‍ പരിഗണിച്ച ബെഞ്ച് കേസ് ഇന്ന് പരിഗണിക്കാന്‍ മാറ്റി വയ്ക്കുകയായിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്യാന്‍വാപിയുടെ പ്രായം നിര്‍ണയിക്കാന്‍ മെയ് 12ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലഹാബാദ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്, മെയ് 16-ന് വാരണാസി കോടതി, ഗ്യാന്‍വാപി പള്ളി പരിസരം മുഴുവനായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സര്‍വേയ്ക്കായി പരിഗണിക്കാന്‍ അനുമതി നല്‍കി.

മസ്ജിദിനുള്ളിലുള്ളിലെ നിർമ്മിതിയുടെ കാലപ്പഴക്കം സംബന്ധിച്ച് കാർബൺ പരിശോധന വീണ്ടും ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്.കഴിഞ്ഞ ഒക്ടോബറില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം വാരണാസി ജില്ലാ കോടതി തള്ളിയിരുന്നു. സര്‍വേ നടത്തുന്നതിന് ശാസ്ത്രീയമായ രീതികള്‍ ഉപയോഗിക്കണമെന്നും പള്ളിയില്‍ കേടുപാടുകള്‍ വരുത്തുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദ്
ഗ്യാന്‍വാപി ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കൂടുതല്‍ സമയം വേണം: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍വേ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശാസ്ത്രീയ അന്വേഷണം വേണമെന്ന് നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി കഴിഞ്ഞ വർഷം ഒക്ടോബറിൽ വാരണസി കോടതി തള്ളിയിരുന്നു. എന്നാല്‍ അതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ മിശ്ര ശാസ്ത്രീയ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരത്തുള്ള ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു ആരാധകര്‍ അവകാശപ്പെടുന്നത്. ഇതിനാലാണ് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് ഹർജിക്കാർ അവകാശപ്പെടുന്ന രൂപത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള പരിശോധനകൾ നടത്തണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പള്ളിയില്‍ വീഡിയോഗ്രാഫിക് സര്‍വേ നടത്തിയിരുന്നു. കാര്‍ബണ്‍ ഡേറ്റിങ് വഴി ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും അതിലൂടെ മാത്രമേ ശിവലിംഗത്തിന്റെ പഴക്കവും മറ്റ് വസ്തുതകളും കണ്ടെത്താന്‍ സാധിക്കൂ എന്നുമായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in