ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെതിരെ എന്‍ഐഎ; ഹർജി നാളെ സുപ്രീംകോടതിയില്‍
ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെതിരെ എന്‍ഐഎ നല്‍കിയ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. നവ്‌ലാഖയുടെ ആരോഗ്യനില കണക്കിലെടുത്താണ് മുംബൈയിൽ സജ്ജീകരിക്കുന്ന വീട്ട് തടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിധിക്കെതിരെ എന്‍ഐഎ ഹർജി നൽകുകയായിരുന്നു. തടങ്കലിനായി തിരഞ്ഞെടുത്ത വീടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നാണ് എന്‍ഐഎയുടെ വാദം. തുടര്‍ന്ന് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി, വീട്ടു തടങ്കലിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. 73 കാരനായ നവ്‌ലാഖ 2018 അഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്. അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്.
70കാരന് മേല്‍ യുഎപിഎ ചുമത്താന്‍ ഇതാണോ കാരണങ്ങള്‍ എന്ന് ചോദിച്ച കോടതി എന്‍ഐഎയെ രൂക്ഷമായി വിമർശിച്ചിരുന്നു. വീട്ടുതടങ്കൽ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ, ആവശ്യമെങ്കിൽ താമസസ്ഥലം പരിശോധിക്കാനും പോലീസിന് കോടതി അനുമതി നൽകിയിരുന്നു. പരിശോധനകൾ ഹർജിക്കാരനെ ഉപദ്രവിക്കാനുള്ള തന്ത്രമാക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. മുംബൈക്ക് പുറത്തേക്ക് സഞ്ചരിക്കരുതെന്ന നിബന്ധനയോടെ സഹോദരിയുടെ വീട്ടിലേക്കാണ് നവ്‌ലാഖയെ മാറ്റാൻ തീരുമാനിച്ചിരുന്നത്.
കർശനമായ ഉപാധികളോടെയാണ് കോടതി വീട്ടുതടങ്കൽ അനുവദിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും തടങ്കൽ. മുറികൾക്ക് പുറത്തും വീടിന്റെ പ്രധാന വാതിലിന് സമീപത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിരീക്ഷണച്ചെലവായി ഏകദേശം 2.4 ലക്ഷം രൂപ നവ്‌ലാഖ നൽകണം. കൂടാതെ സിസിടിവി സ്ഥാപിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കണം. കുറ്റവിമുക്തനാക്കപ്പെട്ടാൽ തുക തിരികെ നൽകുമെന്നും ബെഞ്ച് അറിയിച്ചു. വീടിന് പുറത്തേക്ക് പോകാന്‍ നവ്‌ലാഖയ്ക്ക് അനുമതിയില്ല. വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോകണമെങ്കിലും പോലീസ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകുമെന്നും കോടതി ഉത്തരവിൽ പറയുന്നു.
സ്മാർട്ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് എന്നിവയൊന്നും ഉപയോഗിക്കാൻ അനുമതിയില്ല. ദിവസേന ഒരു തവണ പോലീസിന്റെ മേൽനോട്ടത്തിൽ 10 മിനിറ്റ് ഫോണിൽ ബന്ധപ്പെടാം. അഭിഭാഷകനെ ജയിൽ ചട്ടപ്രകാരം കാണാനുള്ള അനുമതിയുണ്ടെങ്കിലും സാക്ഷികളെ കാണാനോ ഏതെങ്കിലും വിധേന ബന്ധപ്പെടാനോ സാധിക്കില്ല. എൻഐഎയ്ക്ക് മുൻകൂട്ടി നൽകിയ ലിസ്റ്റിൽ ഉള്ള കുടുംബാംഗങ്ങൾക്ക് ആഴ്ചയിൽ ഒരു തവണ മൂന്ന് മണിക്കൂർ നേരം സന്ദർശിക്കാനാകും. സന്ദർശകരെ അനുവദിക്കുമ്പോൾ പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ അനുവദിക്കില്ല. മെഡിക്കൽ അത്യാഹിത സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർ ഇടപെട്ട് അനുയോജ്യമായ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും കോടതി ഉത്തരവിൽ പറയുന്നു. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് കെഇഎം ആശുപത്രിയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് ലഭ്യമാക്കാനും എൻഐഎയോട് കോടതി നിര്‍ദേശിച്ചിരുന്നു.
നവ്ലാഖയ്ക്ക് ആവശ്യമായ ചികിത്സ ജയിലിൽ നൽകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാരം അപകടകരമാം വിധം കുറയുകയാണ്. കൃത്യമായ ചികിത്സയോ പരിചരണമോ ജയിലിനുള്ളിൽ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ 2-3 മാസത്തേക്കെങ്കിലും അദ്ദേഹത്തിന് വീട്ടുതടങ്കൽ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിചാരണ വൈകുന്ന കാര്യവും സിബൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്യാൻസർ ഉണ്ടോയെന്ന് കണ്ടെത്താൻ കൊളോനോസ്‌കോപ്പി നടത്തുന്നതിന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ നവ്ലാഖയ്ക്ക് ഉണ്ടെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ചതിനെ തുടർന്ന് സെപ്റ്റംബർ 29ന് അദ്ദേഹത്തിന് വൈദ്യപരിശോധന നടത്താനുള്ള അനുമതി നൽകിയിരുന്നു.
അതേസമയം, നവ്ലാഖയുടെ ആരോഗ്യ സ്ഥിതി നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നുമായിരുന്നു എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലിന്റെ (ഏഎസ്ജി) വാദം. വീട്ടുതടങ്കലിലേക് മാറ്റേണ്ട പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല. കട്ടിലും മെത്തയുമെല്ലാം നൽകാമെന്നും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കാമെന്നും ഏഎസ്ജി പറഞ്ഞു. കൗശലമുപയോഗിച്ച് ജാമ്യം നേടിയെടുക്കാനാണ് നവ്ലാഖ ശ്രമിക്കുന്നതെന്ന വാദവും കോടതിയില്‍