ജോഷിമഠിലെ വിള്ളല്‍
ജോഷിമഠിലെ വിള്ളല്‍

ജോഷിമഠിലെ പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

ജനുവരി 10ന് ഹർജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച കോടതി 16ലേക്ക് മാറ്റുകയായിരുന്നു
Updated on
2 min read

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന് ഉണ്ടാകുന്ന പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് മുൻപാകെ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. ജോഷിമഠിലെ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അപകടത്തിലായ ആയിരങ്ങൾക്ക് രക്ഷാമാർഗം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിഗണിക്കേണ്ടതില്ലെന്നും അതിന് ജനാധിപത്യ സ്ഥാപനങ്ങൾ ഉണ്ടെന്നുമുള്ള നീരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഹർജി പരിഗണിക്കാൻ മാറ്റിയത്. ജനുവരി 10ന് ഹർജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച കോടതി 16ലേക്ക് മാറ്റുകയായിരുന്നു.

ഔദ്യോഗിക കണക്കുപ്രകാരം 826 കെട്ടിടങ്ങളിലാണ് ജോഷിമഠില്‍ വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. 233 കുടുംബങ്ങളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു

വൻതോതിലുള്ള വ്യവസായവൽക്കരണമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഹർജിയിൽ പറയുന്നത്. മനുഷ്യജീവനെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്ന തരത്തിലുള്ള ഒരു വികസനവും പ്രോത്സാഹിപ്പിക്കരുതെന്നും അവ യുദ്ധകാലാടിസ്ഥാനത്തിൽ തടയേണ്ടത് സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ കടമയാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ, ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും നൽകണമെന്നും ജോഷിമഠ് നിവാസികൾക്ക് പിന്തുണയ്ക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജോഷിമഠിലെ വിള്ളല്‍
വിള്ളലുകള്‍ വ്യാപിക്കുന്നു; ആശങ്കയൊഴിയാതെ ജോഷിമഠ്; 45 കോടിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

അതേസമയം ഔലി റോപ് വേയ്ക്ക് സമീപവും ജോഷിമഠിന്റെ മറ്റ് പ്രദേശങ്ങളിലും വലിയ രീതിയില്‍ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം 826 കെട്ടിടങ്ങളിലാണ് ജോഷിമഠില്‍ വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. അതിൽ 165 എണ്ണം സുരക്ഷിതമല്ലാത്ത മേഖലയിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 233 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നര്‍സിംഗ് ക്ഷേത്രമുള്‍പ്പെടുന്ന സെന്‍ട്രല്‍ ജോഷിമഠിനെയാണ് ഈ പ്രതിഭാസം കൂടുതലായി ബാധിച്ചിരിക്കുന്നത്.

പ്രദേശത്തെ രണ്ട് ഹോട്ടലുകൾ അപകടകരമാംവിധം ചരിഞ്ഞതായും അധികൃതർ അറിയിച്ചു. സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടാതെ, നഗരത്തിലെ മാർവാരി പ്രദേശത്ത് ജനുവരി 2 മുതൽ വെള്ളത്തിന്റെ അടിയൊഴുക്ക് കൂടിയതായി അധികൃതർ ചൂണ്ടിക്കാട്ടി. ഭൂഗർഭ ചാനൽ പൊട്ടിത്തെറിച്ചതായി സംശയമുണ്ടെന്നും ജലത്തിന്റെ ഒഴുക്ക് നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ പറഞ്ഞു.

ജോഷിമഠിലെ വിള്ളല്‍
12 ദിവസത്തിനിടെ ഇടിഞ്ഞു താഴ്ന്നത് 5.4 സെന്റീമീറ്റര്‍; ജോഷിമഠ് നേരിടുന്നത് വലിയ ഭീഷണി

വടക്കുകിഴക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ജോഷിമഠ് സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ്. രണ്ട് നദികളാൽ അതിർത്തി പങ്കിടുകയും ഹിമാലയത്തിന്റെ ചരിവുകളിൽ സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഇവിടെ ഭൂകമ്പം, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു. 2022 ഡിസംബർ 24 മുതലാണ് ജോഷിമഠില്‍ ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 8വരെയുള്ള 12 ദിവസത്തിനുള്ളില്‍ പ്രശ്‌ന ബാധിത പ്രദേശം 5.4 സെന്റീമീറ്റര്‍ താഴ്ന്നതായി ഐഎസ്ആര്‍ഒയുടെ റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ പുറത്തുവിട്ട ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങള്‍ക്കൊപ്പം ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in