'പൗരത്വ നിയമം സ്റ്റേ ചെയ്യണം'; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

'പൗരത്വ നിയമം സ്റ്റേ ചെയ്യണം'; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുസ്ലിം ലീഗ്, കേരള സര്‍ക്കാര്‍, സിപിഐ, ഡിവൈഎഫ്‌ഐ, അസം പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നല്‍കിയ ഇരുന്നൂറിലധികം ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്
Updated on
1 min read

പൗരത്വം നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മുസ്ലിം ലീഗ്, കേരള സര്‍ക്കാര്‍, സിപിഐ, ഡിവൈഎഫ്‌ഐ, അസം പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നല്‍കിയ ഇരുന്നൂറിലധികം ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഹര്‍ജികളില്‍ വാദം കേള്‍ക്കണമെന്ന് നേരത്തെ മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തുന്നു
പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ അഭിഭാഷകന്‍ കപില്‍ സിബലുമായി കൂടിക്കാഴ്ച നടത്തുന്നു

പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് മുസ്ലിം ലീഗിനുവേണ്ടി ഹര്‍ജി നല്‍കിയത്. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനോട് ലീഗിന് എതിര്‍പ്പില്ല. എന്നാല്‍ മുസ്ലിങ്ങളെ മാത്രം മാറ്റിനിര്‍ത്തുന്ന സമീപനം ശരിയല്ല. മുസ്ലിങ്ങള്‍ക്കും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ലീഗ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വമെന്ന വ്യവസ്ഥ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'പൗരത്വ നിയമം സ്റ്റേ ചെയ്യണം'; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
'ഇത് പാർക്കല്ല, എന്റെ നേരെ ആക്രോശിക്കരുത്'; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകന് ചീഫ് ജസ്റ്റിസിന്റെ താക്കീത്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത് ഭയാനകമായ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ ഹര്‍ജി നല്‍കിയത്.

'പൗരത്വ നിയമം സ്റ്റേ ചെയ്യണം'; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
'ഒന്നും മറച്ചുവയ്ക്കരുത്, ഇലക്ടറൽ ബോണ്ടിന്റെ എല്ലാവിവരങ്ങളും നല്‍കണം'; എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിക്കുന്നതും കേരള സര്‍ക്കാരാണ്.

സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുകയും പ്രതിഷേധ നടപടിയായി മഞ്ചേശ്വരം മുതല്‍ പാറശാല വരെ ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തിരുന്നു. 2019ലാണ് പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.

logo
The Fourth
www.thefourthnews.in