'തമിഴ്നാട് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം'; ജല്ലിക്കട്ട് നിയമം ശരിവച്ച് സുപ്രീംകോടതി
ജല്ലിക്കട്ടിന് അനുമതി നല്‍കുന്ന നിയമം ശരിവച്ച് സുപ്രീംകോടതി. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ അഞ്ചംഗ ബെഞ്ച് തള്ളി. ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി നിരീക്ഷിച്ചു.
നിയമം ഭരണാഘടനാവിരുദ്ധമല്ലെന്ന് നിരീക്ഷിച്ച കോടതി തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ജല്ലിക്കട്ട്, പുതപ്പ്, കമ്പള, കാളവണ്ടി ഓട്ടം എന്നിവ അനുവദിക്കുന്ന നിയമം ശരിവച്ചു. ജസ്റ്റിസുമാരായ കെഎം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി ടി രവികുമാർ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം ആചാരങ്ങള്‍ നടപ്പാക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള കേന്ദ്രനിയമം ഭേദഗതി ചെയ്താണ് തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സർക്കാരുകള്‍ ജല്ലിക്കട്ട്, കമ്പള, കാളവണ്ടിയോട്ടം എന്നിവയ്ക്ക് അനുമതി നല്‍കിയത്. മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്ഥാനങ്ങള്‍ നിയമഭേദഗതി വരുത്തിയത്. രാഷ്‍ട്രപതി അംഗീകാരം നല്‍കിയിരുന്നതിനാല്‍ ഭേദഗതികളില്‍ തെറ്റുവരാനിടയില്ലെന്നും ഭരണഘടനാ ബെഞ്ച് വിലയിരുത്തി.
മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി ഈ കായിക വിനോദം നിരോധിച്ചിരുന്നു
2017ൽ തമിഴ്നാട് സർക്കാർ പാസാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്നാട് ഭേദഗതി) നിയമത്തിനും ജല്ലിക്കട്ട് നടത്തിപ്പ് ചട്ടങ്ങളും പ്രകാരം, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജല്ലിക്കട്ട്. അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച് ജല്ലിക്കട്ട് സംരക്ഷിക്കപ്പെട്ടതാണെന്ന് ഭേദഗതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജികൾ.
സുപ്രീംകോടതി നിരോധിച്ച ശേഷം 2017ൽ തമിഴ്നാട് സർക്കാർ പുതിയ ഭേദഗതി നിയമം പാസ്സാക്കുക വഴി ജല്ലിക്കട്ട് സംസ്ഥാനത്ത് വീണ്ടും പുനരാരംഭിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ 2018 ഫെബ്രുവരിയിലാണ് ഭരണഘടനാ ബെഞ്ചിന് വിടുന്നത്.
2017ൽ തമിഴ്നാട് സർക്കാർ പുതിയ ഭേദഗതി നിയമം പാസ്സാക്കുക വഴി ജല്ലിക്കട്ട് സംസ്ഥാനത്ത് വീണ്ടും പുനരാരംഭിച്ചു
ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പ് നൽകുന്ന അനുച്ഛേദം 29 (1)ന്റെ പരിധിയിൽ പെടുത്തി ജല്ലിക്കട്ടിന് ഭരണഘടനാ സംരക്ഷണം നൽകേണ്ടതുണ്ടോ എന്നതായിരുന്നു ബെഞ്ചിന് മുന്നിലുണ്ടായിരുന്ന പ്രാഥമിക ചോദ്യം. ഒപ്പം തമിഴ്‌നാട് പാസാക്കിയ ഭേദഗതി നിയമങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയെ സാധൂകരിക്കുന്നതാണോ അതോ യഥാർഥത്തിൽ “നാടൻ കാളകളുടെ നിലനിൽപ്പും ക്ഷേമവും” ഉറപ്പാക്കാനുള്ള മാർഗമാണോ എന്നും കോടതി പരിശോധിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ലക്ഷ്യമിട്ട് 1960ൽ കൊണ്ടുവന്ന നിയമമായിരുന്നു 'മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം'. ഇതിനോട് സമരസപ്പെടുന്നതാണോ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ജല്ലിക്കട്ട്, കാളവണ്ടിയോട്ട മത്സരം എന്നിവയെന്നും കോടതി വിശകലനം ചെയ്തിരുന്നു.
ജല്ലിക്കട്ട് കാണാനെത്തിയ യുവാവ് കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006ലാണ് ആദ്യമായി ഈ വിനോദത്തിന് കോടതിയുടെ പൂട്ട് വീഴുന്നത്. മദ്രാസ് ഹൈക്കോടതിയുടേതായിരുന്നു ഈ ഉത്തരവ്. എന്നാൽ അന്നത്തെ കരുണാനിധി സർക്കാർ നിരോധനത്തെ മറികടക്കാൻ 2009ൽ ജല്ലിക്കെട്ട് നിയന്ത്രണ ചട്ടങ്ങൾ കൊണ്ടുവന്നു. ഇതിന് മറുപടിയായി പരിശീലനവും പ്രദർശനവും നിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ പട്ടികയിൽ കാളകളെ ഉൾപ്പെടുത്താൻ 2011-ൽ കേന്ദ്ര സർക്കാർ നീക്കം നടത്തി, അതുവഴി ജല്ലിക്കെട്ട് തടയുകയായിരുന്നു അന്നത്തെ യുപിഎ സർക്കാർ ലക്ഷ്യമിട്ടത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011ലെ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന എല്ലാ കായിക വിനോദങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന് മൃഗക്ഷേമ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് 2014-ൽ ജസ്റ്റിസ് എ നാഗരാജ, ജല്ലിക്കെട്ട് കാളകളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുൾപ്പെടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കാള മെരുക്കലുകളും കാളയോട്ട മത്സരങ്ങളും നിരോധിച്ചു.
2017ലാണ് നിലവിലെ കേസിന് ആധാരമായ നിയമ ഭേദഗതികൾ തമിഴ്‌നാട് സർക്കാർ പാസാക്കിയത്
പക്ഷേ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പടുത്തപ്പോഴേക്കും 2011ലെ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിൻവലിച്ചു. അതോടെ തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് നടത്തണമെന്ന ആവശ്യമുയർത്തി പ്രതിഷേധം കനത്തു. ഒടുവില്‍ 2017ൽ നിലവിലെ കേസിന് ആധാരമായ നിയമ ഭേദഗതികൾ തമിഴ്‌നാട് സർക്കാർ പാസാക്കി.
ജല്ലിക്കെട്ടിന്റെ നിരോധനം മാറ്റിയതോടെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (PETA), മൃഗക്ഷേമ ബോർഡ് എന്നിവർ 2018 ഫെബ്രുവരിയിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. 2022 ഡിസംബർ എട്ടിന് ഭരണഘടനാ ബെഞ്ച് അന്തിമ വിധി പറയാനായി കേസ് മാറ്റുകയായിരുന്നു.