ഹിജാബ് കേസില്‍ വിധി ഇന്ന്

ഹിജാബ് കേസില്‍ വിധി ഇന്ന്

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത ഉള്‍പ്പെടെ നല്‍കിയ 23 ഹര്‍ജികളാണ് കോടതി പരിശോധിച്ചത്
Updated on
1 min read

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹിജാബ് നിരോധനത്തിനെതിരെ സമസ്ത ഉള്‍പ്പെടെ നല്‍കിയ 23 ഹര്‍ജികളാണ് കോടതി പരിശോധിച്ചത്. മുസ്ലീം മത വിശ്വാസങ്ങള്‍ പ്രകാരം ഹിജാബ് എന്നത് സര്‍വ്വപ്രധാനമായ ഒന്നല്ലെന്നും തലമറയ്ക്കുന്ന നിലയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കാന്‍ സ്‌കൂളുകള്‍ക്ക് കഴിയുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹര്‍ജികള്‍.

കേസിലെ വാദം കേള്‍ക്കല്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ച്ചയായ പത്ത് ദിവസം നീണ്ട നിന്ന വാദം കേള്‍ക്കലിന് ശേഷം കോടതി വിധി പറയുന്നത് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് എന്നിവരാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷകരായ ആര്‍ വെങ്കട്ടരമണി, ദമ ശേഷാദ്രി നായിഡു, വി. മോഹന എന്നിവര്‍ കോളേജ് അധ്യാപകര്‍ക്കുവേണ്ടി ഹാജരായി.

മാര്‍ച്ച് 15-നാണ് ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം, ഹര്‍ജി നല്‍കിയവരുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് മൂന്നുമാസം മുന്‍പാണ് വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണെന്ന് നിര്‍ബന്ധം പിടിച്ച ആറ് പെണ്‍കുട്ടികളെ ക്ലാസില്‍നിന്നും പുറത്താക്കിയതായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം ശക്തമാവുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്. ഹിജാബ് വിഷയം കത്തിനില്‍ക്കുന്നതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും കോളേജുകളിലെത്തിയതോടെ വിവാദം സംഘര്‍ഷങ്ങളിലേക്ക് തിരിയുകയായിരുന്നു. പിന്നാലെയാണ് ഹിജാബ് നിരോധനം നിയമപോരാട്ടത്തിലേക്ക് എത്തിയത്.

ഉഡുപ്പിയിലെ പിയു കോളേജ് വിദ്യാര്‍ഥിനികളാണ് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്.

logo
The Fourth
www.thefourthnews.in