രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് മുന്നിൽ ഇനി രണ്ട് കോടതികൾ, വയനാട്ടിൽ ഉടൻ തിരഞ്ഞെടുപ്പോ?

രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് മുന്നിൽ ഇനി രണ്ട് കോടതികൾ, വയനാട്ടിൽ ഉടൻ തിരഞ്ഞെടുപ്പോ?

സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
Updated on
2 min read

''എംപിയെന്ന നിലയില്‍ പദവിക്ക് നിരക്കാത്ത പരാമര്‍ശം'' ; ക്രിമിനല്‍ മാനനഷ്ടക്കേസ് ശിക്ഷാവിധിക്കെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളി സൂറത്ത് സെഷന്‍സ് കോടതി നിരീക്ഷണം ഇങ്ങനെ. രാഹുലിന്റെ 'മോദി' പരാമര്‍ശം പരാതിക്കാരന്റെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതായിരുന്നു എന്നും കോടതി വിലയിരുത്തി.

എംപിയായിരിക്കെയാണ് രാഹുലിന്റെ പരാമര്‍ശമെന്നത് അതീവ പ്രാധാന്യത്തോടെ നോക്കിക്കാണണമെന്ന് ജഡ്ജി റോബിന്‍ മൊഗേര വ്യക്തമാക്കി. ''ഉയര്‍ന്ന നിലവാരവും ധാര്‍മികതയും പുലര്‍ത്തി സംസാരിക്കേണ്ടയാള്‍ അത് പാലിച്ചില്ല. ഏറെ സാധാരണക്കാര്‍ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്ന ജാഗ്രത പാലിച്ചില്ല. ശിക്ഷ സ്റ്റേ ചെയ്യുന്നതില്‍ കോടതിക്ക് ജാഗ്രതയോടെയുള്ള സമീപനമേ സ്വീകരിക്കാനാകൂ. യാന്ത്രികമായി എന്തെങ്കിലും തീരുമാനമെടുക്കുന്നത് ജുഡീഷ്യറിയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കും. '' - കോടതി ചൂണ്ടിക്കാട്ടി

സെഷന്‍സ് വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. കോടതി വിധിയിലൂടെ രാഹുലിനെ നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. പിന്നാക്ക വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന, തെറ്റായ ഒരു പരാമര്‍ശവും രാഹുലില്‍ നിന്നുണ്ടായില്ലെന്ന് കോണ്‍ഗ്രസ് ഊന്നിപ്പറയുന്നു. എന്നാല്‍ വിധി ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി പരിഹസിച്ചു.

രാഹുല്‍ എപ്പോഴായിരിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുക, അയോഗ്യത തുടരുന്നതിനാല്‍ വയനാട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമോ, ഔദ്യോഗിക വസതി പൂര്‍ണമായും ഒഴിയുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താകും എന്നിങ്ങനെ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. സെഷന്‍സ് കോടതി കൂടി അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ വയനാട് സീറ്റില്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടെന്ന് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അയോഗ്യനാക്കിയതിന് ശേഷം രാഹുലും പ്രിയങ്കാ ഗാന്ധിയും 'സത്യമേവ ജയതേ' എന്ന പേരിൽ വയനാട്ടിൽ വൻ റാലി നടത്തിയിരുന്നു.

രാഹുലിന് മുന്നിൽ ഇനിയുള്ളത് ഹൈക്കോടതി, അവിടെയും വിധി പ്രതികൂലമെങ്കിൽ സുപ്രീംകോടതി. രാഹുൽ ഗാന്ധിയുടെ സമീപകാലത്തെയെങ്കിലും രാഷ്ട്രീയ ഭാവി ഇതിനനുസരിച്ചിരിക്കും. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു. ഇപ്പോഴുള്ള പ്രതിപക്ഷ ഐക്യ ശ്രമത്തിന് കാരണമായതും ഈ സംഭവമാണെന്ന് പറയാം.

വിവാദ പരാമര്‍ശവും തുടര്‍ സംഭവ വികാസങ്ങളും

2019 ഏപ്രില്‍ 13 നാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. കോലാറിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗത്തില്‍ 'കള്ളന്മാര്‍ക്കെല്ലാം ഇപ്പോള്‍ മോദിയെന്നാണ് പേര്' എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരെ ഉദ്ദേശിച്ചാണ് പരാമര്‍ശമെന്ന് പ്രസംഗത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേര് ലഭിക്കുമെന്നും രാഹുല്‍ പരിഹസിച്ചു.

പരാതിയും കോടതിവിധിയും

താനുള്‍പ്പെടുന്ന മോദി സമുദായാംഗങ്ങള്‍ക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത് . ഗുജറാത്ത് ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തിരുന്നെങ്കിലും വിധി വരുന്നതിന് രണ്ടാഴ്ച മുന്‍പ് സ്‌റ്റേ നീക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവിന് രാഹുല്‍ ഗാന്ധിയെ സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്. ക്രിമിനല്‍ മാനനഷ്ടകേസില്‍ ഐപിസി 499 പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നത് അത്യപൂര്‍വമായ സാഹചര്യമാണെന്നാണ് നിയമവിദഗ്ധരെല്ലാം അഭിപ്രായപ്പെട്ടത്.

രാഹുല്‍ ഗാന്ധി 'അയോഗ്യന്‍'

മാര്‍ച്ച് 24 ന് ലോക്‌സഭയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി

അയോഗ്യനാക്കപ്പെട്ട എംപി

മാർച്ച് 26 ന് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് രാഹുൽ ഗാന്ധി പ്രൊഫൈൽ ബയോ മാറ്റി. പാർലമെന്റ് അംഗം എന്നതിന് പകരമായി (അ)യോഗ്യനാക്കപ്പെട്ട എംപി(Dis'Qualified MP) എന്നാണ് രാഹുൽ ട്വിറ്റർ, ഫേസ്ബുക്ക് പ്രൊഫൈൽ ബയോയിൽ ചേർത്തത്.

ഔദ്യോഗിക വസതി ഒഴിയാന്‍ ഉത്തരവ്

മാര്‍ച്ച് 27 ആയപ്പോഴേക്കും ഔദ്യോഗിക വസതിയൊഴിയാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ഉത്തരവിറക്കി. ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തിരക്കിട്ടായിരുന്നു ഈ നീക്കം. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. 2004 ല്‍ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് തുഗ്ലക് ലൈനിലെ വസതി അനുവദിച്ചത്.

സെഷന്‍സ് കോടതിയില്‍ അപ്പീല്‍

ഏപ്രില്‍ മൂന്നിന് സൂറത്ത് മാജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കി. കേസില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കും വരെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

വിധി പറയുന്നത് ഏപ്രില്‍ 20ലേക്ക് മാറ്റി

ഏപ്രില്‍ 13 ന് രാഹുല്‍ ഗാന്ധിക്ക് പുറമേ പൂര്‍ണേഷ് മോദിയുടെ ഭാഗവും കേട്ട് കേസില്‍ വിധി പറയുന്നതിനായി സൂറത്ത് സെഷന്‍സ് കോടതി ഏപ്രില്‍ 20ലേയ്ക്ക് മാറ്റി. നേരിട്ട് അപമാനിക്കപ്പെട്ട ഒരാള്‍ക്ക് മാത്രമേ മാനനഷ്ടക്കേസില്‍ പരാതി നല്‍കാനാകൂ എന്നാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ എസ് ചീമ വാദിച്ചത്. അതിനാല്‍, പരാതി നല്‍കാനുള്ള അര്‍ഹത പൂര്‍ണേഷ് മോദിക്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം വാദിച്ചു. പ്രസംഗത്തിലെ ഒരുഭാഗം അടര്‍ത്തിയെടുത്തി പരിശോധിക്കുമ്പോള്‍ മാത്രമാണ് പരാമര്‍ശം അപകീര്‍ത്തികരമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനാണ് കേസെന്ന് വ്യക്തമെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.

അയോഗ്യത തുടരും

ഏപ്രില്‍ 20ന് രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരിക്കുന്നു. പാര്‍ലമെന്റ് അംഗത്വം തിരികെ ലഭിക്കുന്നതില്‍ നിര്‍ണായകമായിരുന്നു ഈ വിധി. എന്നാല്‍ ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.

logo
The Fourth
www.thefourthnews.in