അയോഗ്യത തുടരും; രാഹുലിന്റെ അപ്പീൽ തള്ളി സൂറത്ത് സെഷൻസ് കോടതി
'മോദി' പരാമർശത്തെ തുടർന്നുള്ള ക്രിമിനല്‍ മനനഷ്ടക്കേസിലെ ശിക്ഷാ വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. രാഹുലിന് പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുന്നതിൽ നിർണായകമായിരുന്നു ഇന്നത്തെ വിധി. ഇതോടെ പാർലമെന്റ് അംഗത്വത്തിൽ നിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. രണ്ട് വർഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ ഏപ്രിൽ മൂന്നിനായിരുന്നു രാഹുൽ അപ്പീൽ നൽകിയത്.
തടവ് ശിക്ഷ സ്റ്റേ ചെയ്യാനും അപ്പീൽ തീർപ്പാകും വരെ ശിക്ഷാ വിധി സ്റ്റേ ചെയ്യാനുമായി രണ്ട് ഹർജികളായിരുന്നു രാഹുൽ നൽകിയിരുന്നത്. പരാതിക്കാരനായ പൂർണേഷ് മോദിക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇരു കക്ഷികളെയും കേട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ പി മൊഗേര,കേസ് വിധി പറയാനായി ഏപ്രിൽ 20 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഏപ്രിൽ 13-ന് രാഹുലിന്റെയും പരാതിക്കാരനായ പൂർണേഷ് മോദിയുടെയും വാദം കേട്ട ശേഷം സൂറത്ത് സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേര വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ "എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത്?" എന്ന് രാഹുല്‍ നടത്തിയ പരാമർശമാണ് വിവാദമായത്. ഇത് മോദി സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് സിജെഎം കോടതി വിധിച്ചത്.