ആശങ്ക, ഭയം, അരക്ഷിതാവസ്ഥ, ഒടുവില്‍ ആശ്വാസത്തിന്‌റെ ചിരി; സില്‍ക്യാരയിലെ 17 ദിവസങ്ങളെക്കുറിച്ച് തൊഴിലാളികള്‍

ആശങ്ക, ഭയം, അരക്ഷിതാവസ്ഥ, ഒടുവില്‍ ആശ്വാസത്തിന്‌റെ ചിരി; സില്‍ക്യാരയിലെ 17 ദിവസങ്ങളെക്കുറിച്ച് തൊഴിലാളികള്‍

തുരങ്കത്തില്‍ കുടുങ്ങിയെന്ന് മനസിലാക്കിയ ദിവസത്തിലെ ആദ്യ 10-12 മണിക്കൂർ അതിജീവിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നു
Updated on
1 min read

ആശങ്കയും ഭയവും അരക്ഷിതാവസ്ഥയും നിലനിന്ന ഉത്തരകാശി സില്‍ക്യാര തുരങ്കത്തിലെ 17 ദിവസങ്ങള്‍, ഒടുവില്‍ പ്രതീക്ഷയുടെ കൈകളുമായി രക്ഷാപ്രവർത്തകർ എത്തിയതോടെ 41 തൊഴിലാളികള്‍ മടങ്ങിയത് സാധാരണ ജീവിതത്തിലേക്ക്. നവംബർ 12-ാം തീയതിയായിരുന്നു തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. തുരങ്കത്തിലെ ആദ്യ മണിക്കൂറുകള്‍ അതിജീവിക്കുക എന്നത് കഠിനമായിരുന്നെന്നാണ് പുറത്തെത്തിയ തൊഴിലാളികള്‍ പറഞ്ഞത്.

തുരങ്കത്തില്‍ കുടുങ്ങിയെന്ന് മനസിലാക്കിയ ദിവസത്തിലെ ആദ്യ 10-12 മണിക്കൂർ അതിജീവിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നതായി തൊഴിലാളികളിലൊരാളായ വിശ്വജീത് കുമാർ വെർമ പറഞ്ഞു. "തുരങ്കത്തിനകത്ത് അകപ്പെട്ടതായി മനസിലായിരുന്നു. ബുദ്ധിമുട്ട് നേരിട്ട മണിക്കൂറുകള്‍ക്ക് ശേഷം വെള്ളം വിതരണം ചെയ്തിരുന്ന പൈപ്പിലൂടെ ഭക്ഷണമെത്തി. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭക്ഷണത്തിന് മാത്രമായൊരു പൈപ്പ് എത്തിയത്. അരി, പരിപ്പ്, റൊട്ടി, ഡ്രൈ ഫ്രൂട്ട്സ് എന്നിവയെല്ലാം ഞങ്ങള്‍ക്ക് ലഭിച്ചു," വിശ്വജീത് കൂട്ടിച്ചേർത്തു.

ആശങ്ക, ഭയം, അരക്ഷിതാവസ്ഥ, ഒടുവില്‍ ആശ്വാസത്തിന്‌റെ ചിരി; സില്‍ക്യാരയിലെ 17 ദിവസങ്ങളെക്കുറിച്ച് തൊഴിലാളികള്‍
പതിനേഴാം രാവില്‍ ആശ്വാസ ചിരി; മരണത്തെ തോല്‍പ്പിച്ച് 41പേര്‍

ആദ്യ 24 മണിക്കൂർ അതിജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നാണ് ഝാർഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ സുബോധ് കുമാർ വെർമ വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. തനിക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും സുബോധ് വ്യക്തമാക്കി.

ഇന്ന് രാവിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയത്. തൊഴിലാളികള്‍ക്കാർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഗർവാള്‍ ഹെല്‍ത്ത് ഡയറക്ടർ ഡോ. പ്രവീണ്‍ കുമാർ അറിയിച്ചു. "ചില തൊഴിലാളികള്‍ക്ക് മൂത്രമൊഴിക്കുന്നതിനു ബുദ്ധിമുട്ട്, അലർജി എന്നിവയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി വരുന്നു," ഡോ. പ്രവീണ്‍ പറഞ്ഞു.

"നിരന്തരമായുള്ള ആശയവിനിമയം തൊഴിലാളികളുടെ മാനസികസ്ഥിരത നിലനിർത്താന്‍ സഹായിച്ചതായും ഡോ. പ്രവീണ്‍ പറയുന്നു. രക്ഷാപ്രവർത്തനും മുന്നോട്ട് പോകുമ്പോള്‍ തന്നെ അവർ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായും സംസാരിക്കുന്നുണ്ടായിരുന്നു. ഇത് അവരുടെ പ്രതീക്ഷ നിലനിർത്തുന്നതിന് കാരണമായി. ആദ്യ ഘട്ടത്തില്‍ പൈപ്പ്‌ലൈനിലൂടെയായിരുന്നു ആശയവിനിമയം സാധ്യമാക്കിയിരുന്നത്. പിന്നീടാണ് റേഡിയോ, ലാന്‍ഡ്‌ലൈന്‍ സൗകര്യങ്ങള്‍ സ്ഥാപിച്ചത്," ഡോ. പ്രവീണ്‍ കൂട്ടിച്ചേർത്തു.

ആശങ്ക, ഭയം, അരക്ഷിതാവസ്ഥ, ഒടുവില്‍ ആശ്വാസത്തിന്‌റെ ചിരി; സില്‍ക്യാരയിലെ 17 ദിവസങ്ങളെക്കുറിച്ച് തൊഴിലാളികള്‍
മെഷീനുകൾ നിസഹായമായ ദൗത്യത്തിൽ രക്ഷയായത്‌ നിരോധിത ഖനനരീതി; എന്താണ് റാറ്റ് ഹോൾ ഖനനം?

ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളില്‍ അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു. ടണലിന് മുന്നില്‍ തയാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. ഇവിടേക്കാണ് തൊഴിലാളികളെ ആദ്യം കൊണ്ടുപോയതും.

പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാപ്രവര്‍ത്തനം, തൊഴിലാളികളെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് പൈപ്പുവഴി തുരങ്കത്തിനുള്ളിലേക്ക് കയറി അവശിഷ്ടങ്ങള്‍ നീക്കം ചെയതത്. തുരങ്കത്തിലേക്ക് കടക്കാന്‍ സൈന്യവും സജ്ജമായിരുന്നെങ്കിലും തൊഴിലാളികള്‍ ആദ്യം ഇറങ്ങി ശ്രമിക്കാം എന്ന തീരുമാനത്തിലേക്കാണ് ദൗത്യസംഘം എത്തിയത്.

logo
The Fourth
www.thefourthnews.in