സുഷമ സ്വരാജിന്റെ പിൻഗാമിയാകാൻ മകൾ ബൻസുരി സ്വരാജ് : ഡൽഹി ബിജെപി സെൽ കോ കൺവീനറായി സ്ഥാനമേറ്റു

സുഷമ സ്വരാജിന്റെ പിൻഗാമിയാകാൻ മകൾ ബൻസുരി സ്വരാജ് : ഡൽഹി ബിജെപി സെൽ കോ കൺവീനറായി സ്ഥാനമേറ്റു

പാർട്ടിയുടെ നിയമപരമായ കാര്യങ്ങളിൽ അനൗദ്യോഗികമായി ഇടപെടാറുണ്ടെങ്കിലും സംഘടനയുടെ ചുമതല ലഭിക്കുന്നത് ഇതാദ്യമായാണ്
Updated on
1 min read

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ബിജെപിയുടെ ഡൽഹി സ്റ്റേറ്റ് ലീഗൽ സെൽ കോ കൺവീനറായി സ്ഥാനമേറ്റു. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദധാരിയായ ബൻസുരി സുപ്രീംകോടതി അഭിഭാഷകയാണ്. പാർട്ടിയുടെ നിയമപരമായ കാര്യങ്ങളിൽ അനൗദ്യോഗികമായി ഇടപെടാറുണ്ടെങ്കിലും സംഘടനയുടെ ചുമതല ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഡൽഹി രാഷ്ട്രീയത്തിൽ ബൻസുരി സജീവസാന്നിധ്യമാകാനുള്ള സാധ്യത ഉറപ്പായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, പാർട്ടിയുടെ ഡൽഹി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവർക്ക് നന്ദി അറിയിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് നിയമന കത്ത് ബൻസുരി പങ്കുവെച്ചത്. ബിജെപിയുടെ ഡൽഹി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം സച്ച്‌ദേവ നടത്തുന്ന ആദ്യത്തെ നിയമനമാണ് ബൻസുരിയുടേത്. ബൻസുരിയുടെ നിയമനം ലീഗൽ സെല്ലിനെ വളരെയധികം സഹായിക്കുമെന്ന് ബിജെപിയുടെ ഡൽഹി ലീഗൽ സെൽ കോ കൺവീനർ സങ്കേത് ഗുപ്ത വ്യക്തമാക്കി.

ഡൽഹി ബിജെപി ലീഗൽ സെല്ലിൽ നിലവിൽ 900ൽ അധികം അഭിഭാഷകരോളമുണ്ട്. സുപ്രീംകോടതി അഭിഭാഷകനായ കെ കെ ത്യാഗിയാണ് നിലവിൽ ലീഗൽ സെല്ലിന് നേതൃത്വം നൽകുന്നത്. തിരഞ്ഞെടുപ്പ് ഭരണസമിതി, നാമനിർദേശ പത്രിക സമർപ്പിക്കൽ, പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് നിയമ പ്രശ്‌നങ്ങൾ എന്നിവയിലെല്ലാം പാർട്ടിക്ക് വേണ്ട നിയമസഹായം നൽകുന്നത് ലീഗൽ സെല്ലാണ്. സുഷമ സ്വരാജിനെയും അരുൺ ജെയ്റ്റ്ലിയെയും ബിജെപി തഴഞ്ഞെന്ന ആരോപണം 2021ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ ഉദയനിധി സ്റ്റാലിൻ ഉയർത്തിയപ്പോൾ തിരഞ്ഞെടുപ്പ് അജണ്ടകൾക്കായി തൻ്റെ അമ്മയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് ബൻസുരി ശക്തമായി തിരിച്ചടിച്ചിരുന്നു.

logo
The Fourth
www.thefourthnews.in