ഭാര്യയുമായി അവിഹിതമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ചു, യുവാവ് അറസ്റ്റില്‍
ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്ത് മുറിച്ച് ചോര കുടിച്ച് യുവാവ്. കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണിയിലാണ് സംഭവം. കൊലപാതകശ്രമത്തിന് പ്രതി വിജയ് അറസ്റ്റിലായി. വിജയുടെ സുഹൃത്ത് മാരേഷാണ് ആക്രമണത്തിനിരയായത്. ഈമാസം 19ന് നടന്ന സംഭവം ദൃശ്യങ്ങള്‍ സഹിതം ഇപ്പോഴാണ് പുറത്തുവന്നത്.
തന്റെ ഭാര്യയും മാരേഷും തമ്മിലുള്ള അവിഹിതബന്ധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിജയ് പോലീസിന് നല്കിയ മൊഴി. ബന്ധം തുടരരുതെന്ന് നിരവധി തവണ വിലക്കിയിട്ടയും മാരേഷ് പിന്മാറിയില്ലെന്നം വിജയ് പോലീസിനോട് പറഞ്ഞു.
മാരേഷ് താഴെ വീണതോടെ വിജയ് ഇയാളുടെ കഴുത്തില്‍നിന്ന് രക്തം കുടിക്കുകയായിരുന്നു
നേരില്‍ സംസാരിച്ച് പ്രശ്നം പരിഹരിക്കാനെന്ന് പറഞ്ഞ് മാരേഷിനെ വിജയ് ആളൊഴിഞ്ഞ ഇടത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് വാക്തര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു. കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് വിജയ് മാരേഷിന്റെ കഴുത്തില്‍ കുത്തി. രക്തംവാര്‍ന്ന് മാരേഷ് താഴെ വീണതോടെ വിജയ് ഇയാളുടെ കഴുത്തില്‍നിന്ന് രക്തം കുടിക്കുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ എതിർത്തിട്ടും വിജയ് പിന്മാറിയില്ല. രക്തത്തില്‍ കുളിച്ചുകിടന്ന് മാപ്പ് അഭ്യര്‍ത്ഥിച്ച മാരേഷിനെ വീണ്ടും മര്‍ദിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് മാരേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വിജയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പോലീസിനോട് കുറ്റസമ്മതം നടത്തിയ വിജയ് ജയിലില്‍നിന്ന് ഇറങ്ങിയാല്‍ മാരേഷിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി.