'ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി പോയിന്റ് തലസ്ഥാനമാക്കണം'; ആവശ്യവുമായി ഹിന്ദു മഹാസഭ പ്രസിഡന്റ്
അന്യമതക്കാർ അവകാശവാദം ഉന്നയിക്കുന്നതിന് മുൻപ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി മഹാരാജ്. പാർലമെന്റ് പ്രമേയത്തിലൂടെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് എക്സിലൂടെ പങ്കു വച്ച വീഡിയോയിലാണ് ചക്രപാണി മഹാരാജ് ആവശ്യപ്പെട്ടത്.
ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് 'ശിവശക്തി പോയിന്റ്' എന്ന പേര് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ അദ്ദേഹം ചന്ദ്രനെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ച ശേഷം ശിവശക്തി പോയിന്റിനെ തലസ്ഥാനമായി വികസിപ്പിക്കണമെന്നും പറഞ്ഞു. 'ചന്ദ്രനെ ഹിന്ദു സനാതൻ രാഷ്ട്രമായി പാർലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശമായ ശിവശക്തി പോയിന്റിനെ തലസ്ഥാനമായി വികസിപ്പിക്കണം. അങ്ങനെ ചെയ്താൽ ഒരു തീവ്രവാദികൾക്കും ജിഹാദി മനസോടെ അവിടെ എത്താൻ സാധിക്കില്ല' -അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
മുമ്പും വിചിത്രമായ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം പിടിച്ച വ്യക്തിയാണ് ചക്രപാണി മഹാരാജ്. ചക്രപാണി മഹാരാജും അദ്ദേഹത്തിന്റെ സംഘടനയായ അഖിലേന്ത്യാ ഹിന്ദു മഹാസഭയും 2020ൽ കോവിഡ് ആദ്യ തരംഗ സമയം 'ഗോമൂത്ര പാർട്ടി' നടത്തിയിരുന്നു. ഗോമൂത്രം കുടിച്ചാൽ കോവിഡിനെ ചെറുക്കാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ പ്രചാരണം. 2018-ൽ കേരളത്തിൽ പ്രളയം ബാധിച്ച സമയം ബീഫ് കഴിക്കുന്ന ആർക്കും സഹായം നൽകരുതെന്നായിരുന്നു ചക്രപാണി മഹാരാജിന്റെ മറ്റൊരു ആഹ്വാനം.