സ്വതന്ത്രദേവ് സിങ്
സ്വതന്ത്രദേവ് സിങ്

ദളിത് വിവേചന ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്; യുപി ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

പുതിയ അധ്യക്ഷനെ തേടി ബിജെപി, സാമുദായിക പരിഗണന തലവേദനയാകുന്നു
Updated on
2 min read

ഉത്തര്‍പ്രദേശില്‍ പുതിയ സംസ്ഥാന അധ്യക്ഷനെ തേടുകയാണ് ബിജെപി. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ സ്വതന്ത്രദേവ് സിങ് രാജി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദിത്യനാഥ് മന്ത്രിസഭയില്‍ ജലശക്തി വകുപ്പ് മന്ത്രിയാണ് സ്വതന്ത്രദേവ് സിങ്. ദളിത് വിവേചനം ആരോപിച്ച് ജലശക്തി സഹമന്ത്രിയായിരുന്ന ദിനേശ് ഖാതിക് രാജിക്കത്ത് നല്‍കിയിരുന്നു. ഖാതിക് മന്ത്രിസ്ഥാനത്ത് തുടരുകയും തര്‍ക്കം പരിഹരിക്കുകയും ചെയ്‌തെങ്കിലും വിഷയത്തില്‍ ആര്‍എസ്എസിനുണ്ടായ അതൃപ്തിയാണ് സ്വതന്ത്രദേവ് സിങ്ങിന്‍റെ രാജിയില്‍ കലാശിച്ചതെന്നാണ് സൂചന.

സ്വതന്ത്രദേവ് സിങ്ങിന്‍റെ മന്ത്രിസ്ഥാനം നിലനിര്‍ത്താനായത് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഇടപെടല്‍ മൂലമെന്നാണ് വിവരം.

ബിജെപിയുടെ ഉത്തര്‍പ്രദേശിലെ ഒബിസി മുഖമായ സ്വതന്ത്രദേവ് സിങ് 2016 ലാണ് സംസ്ഥാന അധ്യക്ഷനാകുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു ചുമതല. രണ്ടാം യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ മന്ത്രിസഭയിലുമെത്തി. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പാര്‍ട്ടി നേതാവ് കൂടിയാണ് സിങ്. ഒരാള്‍ക്ക് ഒരു പദവി എന്ന ബിജെപിയുടെ പ്രഖ്യാപിത നയത്തിനെതിരായിരുന്നു ഈ സ്ഥാനങ്ങളെല്ലാം. കാലാവധി ഈ മാസം 16 ന് അവസാനിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് സ്വതന്ത്രദേവ് സിങ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് രാജിക്കത്ത് നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രിസ്ഥാനം നിലനിര്‍ത്താനായത് മുഖ്യമന്ത്രി ആദിത്യനാഥിന്റെ ഇടപെടല്‍ മൂലമെന്നാണ് വിവരം.

ദിനേശ് ഖാതിക് , രാംകേഷ് നിഷാദ് എന്നിവർക്കൊപ്പം സ്വതന്ത്രദേവ് സിങ്
ദിനേശ് ഖാതിക് , രാംകേഷ് നിഷാദ് എന്നിവർക്കൊപ്പം സ്വതന്ത്രദേവ് സിങ്

ദളിതനായതുകൊണ്ട് അവഗണിക്കുന്നുവെന്നും തന്നെ ജോലിയൊന്നും ഏല്‍പ്പിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ഖാതിക് ഈ മാസം 19 ന് രാജിക്കത്ത് കൈമാറിയത്. ദളിത് സമൂഹത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ് തനിക്കെതിരായ നടപടിയെന്ന് ഖാതിക് പറഞ്ഞു. സ്വതന്ത്രദേവ് സിങ്ങിനെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചായിരുന്നു ഖാതിക്കിന്‍റെ കലാപം. എന്നാല്‍ നേതൃത്വമിടപ്പെട്ട് ജോലി വീതിച്ചു നല്‍കുകയും തര്‍ക്കം പരിഹരിക്കുകയും ചെയ്തു. ജലശക്തി സഹമന്ത്രിമാരായ ഖാതിക്, രാംകേഷ് നിഷാദ് എന്നിവര്‍ക്ക് ചുമതലകള്‍ വീതിച്ച് നല്‍കി പ്രത്യേക നിര്‍ദേശവും പുറത്തിറക്കി. പ്രശ്‌നപരിഹാരമായെങ്കിലും യുപി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കോട്ടം തട്ടിച്ച ഈ സംഭവത്തില്‍ ആര്‍എസ്എസ് നേതൃത്വം അതൃപ്തരാണ്.

സമുദായം മുഖ്യം, തലപുകച്ച് ബിജെപി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബിജെപിയെ നയിക്കേണ്ട വലിയ ചുമതലയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ കാത്തിരിക്കുന്നത്. എന്നാല്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുകയാണ് ബിജെപി. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുക എന്നതാണ് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം. ഒബിസി -ദളിത് വോട്ടുകളെ കൂടെ നിര്‍ത്താന്‍ അധ്യക്ഷ പദവി പ്രയോജനപ്പെടുത്താന്‍ ബിജെപി ആലോചിക്കുന്നു. ഉത്തര്‍ പ്രദേശില്‍ ജനസംഖ്യയുടെ 40 ശതമാനം വരും ഒബിസി വിഭാഗക്കാര്‍. എന്നാല്‍ പരമ്പരാഗതമായി ഒപ്പമുള്ള മുന്നോക്ക വിഭാഗക്കാരില്‍ അതൃപ്തി ഉണ്ടാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുമില്ല.

ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്രമോദിയും

ബ്രാഹ്‌മണ സമുദായാംഗത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമാവുകയാണ്. മുഖ്യമന്ത്രി താക്കൂര്‍ വിഭാഗക്കാരനും ഉപമുഖ്യമന്ത്രി ബ്രാഹ്‌മണ വിഭാഗക്കാരനുമായതിനാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും ബ്രാഹ്‌മണ വിഭാഗക്കാരന്‍ ആകരുതെന്നാണ് മറു വിഭാഗത്തിന്റെ വാദം. അതിനാല്‍ ബ്രാഹ്‌മണ ഇതര വിഭാഗക്കാര്‍ക്കാകും പ്രഥമ പരിഗണനയെന്നാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. ദിനേശ് ഖാതികുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടി ദളിത് വിഭാഗക്കാൻ അധ്യക്ഷനാകാനുള്ള സാധ്യതയും ഏറുകയാണ്. എന്നാല്‍ ഒബിസി -ദളിത് വിഭാഗങ്ങള്‍ക്ക് അനാവശ്യമായ പ്രാധാന്യം നല്‍കുന്നുവെന്ന് ബിജെപിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. അപസ്വരങ്ങളില്ലാതെ ഒരു പേരില്‍ എത്താനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോള്‍.

ആരാകും പുതിയ അധ്യക്ഷന്‍?

സമുദായത്തിനപ്പുറം, നേതൃ പാടവം, പ്രദേശം തുടങ്ങിയ കാര്യങ്ങള്‍ കൂടി അധ്യക്ഷനെ നിര്‍ണയിക്കാന്‍ പ്രധാനമാണ്. കേന്ദ്രമന്ത്രിമാരായ ബി എല്‍ വര്‍മ, ഭാനു പ്രതാപ് സിങ് എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്ത് സജീവമാണ്. ഇരുവരും ഒബിസി വിഭാഗക്കാരാണ്. കൗസമ്പിയില്‍ നിന്നുള്ള എം പി വിനോദ് കുമാര്‍ സോങ്കര്‍, എംഎല്‍സി ലക്ഷ്മണ്‍ ആചാര്യ, ഇറ്റാവ എം പി രാം ശങ്കര്‍ കതേരിയ എന്നീ ദളിത് നേതാക്കളും സാധ്യതാപട്ടികയിലുണ്ട്. ലക്ഷ്മികാന്ത് വാജ്‌പേയ്, മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങിയവും സംസ്ഥാന ഘടകത്തിന്റെ അമരത്തെത്താന്‍ പരിഗണിക്കപ്പെടുന്ന പേരുകളാണ്.

logo
The Fourth
www.thefourthnews.in