ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരിക്ക് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റിൽ
വിമാനത്തില്‍ ജീവനക്കാരിക്ക് നേരെ അതിക്രമം നടത്തിയ സ്വീഡിഷ് സ്വദേശി അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനാണ് 63 കാരനായ ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റബര്‍ഗിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇൻഡിഗോ ജീവനക്കാർ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
യാത്രക്കാരനെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് വന്ന 6ഇ-1052 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു അതിക്രമം നടന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെയാണ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുംവരെ ഇത് തുടരുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ റെഡ് കാര്‍ഡ് മുന്നറിയിപ്പ് വായിച്ചെങ്കിലും ഇയാള്‍ മോശം പെരുമാറ്റം തുടരുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട യാത്രക്കാരനെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് വിമാനത്തിലെ ജീവനക്കാര്‍ മൊഴി നല്‍കി. കഴിക്കാന്‍ കടല്‍ വിഭവങ്ങൾ വേണമെന്ന് യാത്രക്കാരന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് തുടക്കം. ആ ഭക്ഷണം ഇല്ലാത്തതിനാല്‍ കോഴി വിഭവങ്ങൾ നല്‍കുകയായിരുന്നു. ഭക്ഷണത്തിന് പണമടയ്ക്കാന്‍ എടിഎം കാര്‍ഡ് ചോദിച്ചതോടെ യാത്രക്കാരന്‍ മോശമായി പെരുമാറാന്‍ തുടങ്ങിയെന്ന് പരാതിക്കാരി പറയുന്നു. കാര്‍ഡ് സ്വൈപ്പ് ചെയ്യാന്‍ എന്ന വ്യാജേന കൈയില്‍ പിടിക്കുകയായിരുന്നു. മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് മോശമായി പെരുമാറിയെന്നും ബഹളം വച്ചപ്പോഴാണ് അയാള്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയതെന്നും ജീവനക്കാരിയുടെ മൊഴിയിലുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണ് താനെന്നും മറ്റൊരാളുടെ സഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകില്ലെന്നും, എയര്‍ഹോസ്റ്റസിന്‌റെ കൈയില്‍ പിടിച്ചത് മനഃപൂര്‍വമല്ലെന്നുമാണ് ക്ലാസ് കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിമാനത്തിലെ മോശം പെരുമാറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ യാത്രക്കാരനാണ് ക്ലാസ്.