കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം; ആദ്യ അറസ്റ്റ് ബെംഗളുരുവില്‍
കര്‍ണാടകയില്‍ അടുത്തിടെ പാസാക്കിയ മത പരിവര്‍ത്തന നിരോധന നിയമം ലംഘിച്ചതിനുള്ള ആദ്യ അറസ്റ്റ് ബെംഗളുരുവില്‍. ഖുശ്ബു എന്ന പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്‌തെന്ന പരാതിയില്‍ സയിദ് മോയിന്‍ എന്ന യുവാവാണ് യശ്വന്ത്പുരയില്‍ അറസ്റ്റിലായത്.
ഒക്ടോബര്‍ അഞ്ച് മുതല്‍ ഖുശ്ബുവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ യശ്വന്ത്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിനകം ഖുശ്ബു സയിദ് മോയിനെ വിവാഹം ചെയ്തു വീട്ടില്‍ തിരിച്ചെത്തി. ആന്ധ്രാപ്രദേശിലെ പെനുകൊണ്ടയില്‍ വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും വിവാഹിതയാവുകയും ചെയ്തതായി ഖുശ്ബു വീട്ടുകാരെ അറിയിച്ചു.
ഹിന്ദു മതത്തിലേക്ക് തിരിച്ചുവരാന്‍ മകളോട് രക്ഷിതാക്കള്‍ ഉപദേശിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ വിവാഹത്തിനായി മകളെ നിര്‍ബന്ധിച്ചു മതം മാറ്റി എന്ന് ചൂണ്ടിക്കാട്ടി ഖുശ്ബുവിന്റെ അമ്മ പരാതി നല്‍കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഖുശ്ബു മതം മാറിയതെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് എഫ്‌ഐആര്‍.
ആളുകളെ നിര്‍ബന്ധപൂര്‍വം ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് കടുത്ത പിഴയും ജയില്‍വാസവും ഉറപ്പാക്കുന്നതാണ് കര്‍ണാടക നിയമസഭ പാസാക്കിയ പുതിയ നിയമം. നിയമപ്രകാരം മതം മാറാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കുകയും സ്വമേധയാ മതം മാറുകയാണെന്ന പ്രഖ്യാപനം ഒപ്പിട്ടു നല്‍കുകയും വേണം. പണവും മറ്റും വാഗ്ദാനം ചെയ്‌തോ വിവാഹം വാഗ്ദാനം ചെയ്‌തോ മറ്റു പ്രലോഭനങ്ങളില്‍ കുടുക്കിയോ അല്ല മതപരിവര്‍ത്തനം എന്ന പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തിക്ക് മതം മാറാന്‍ അനുമതി നല്‍കൂ.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചത് മുതല്‍ അത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ബില്‍ പാസാക്കാന്‍ ഉപരിസഭയായ ലെജിസ്‌ളേറ്റിവ് കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ആയിരുന്നു നിയമം കൊണ്ടുവന്നത്. കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിച്ച ശേഷം കഴിഞ്ഞമാസമാണ് ബില്‍ പാസാക്കിയത്.