ദളിത് ക്രൈസ്തവർക്ക് സംവരണം വേണം: പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്ക് സംവരണവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. ദളിത് ക്രിസ്ത്യാനികൾക്ക് നിയമപരമായ സംരക്ഷണവും അവകാശങ്ങളും ഇളവുകളും നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ ബിജെപി ഒഴികെയുള്ള കക്ഷികൾ പിന്തുണച്ചു.
പ്രമേയത്തെ എതിർത്ത ബിജെപി അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമവിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രമേയം അവതരിപ്പിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണം നൽകാൻ ആവില്ലെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷവും ആദി ദ്രാവിഡർ ജാതി അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് സ്റ്റാലിൻ വ്യക്തമാക്കി. "ഭരണഘടനയനുസരിച്ച് സിഖ്, ബുദ്ധമതം എന്നിവ ഒഴികെയുള്ള ഏതെങ്കിലും മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി സംവരണങ്ങൾ അവകാശപ്പെടാൻ കഴിയില്ല. ചരിത്രപരമായി അവർ പട്ടികജാതിക്കാരായി തുടരുമ്പോൾ ആനുകൂല്യങ്ങൾ നൽകുന്നത് ന്യായമാണ്. സംവരണത്തിലൂടെ മാത്രമേ അവർക്ക് വിദ്യാഭ്യാസവും ജോലിയും ലഭ്യമാവുകയുള്ളു"- സ്റ്റാലിൻ പറഞ്ഞു.
സാമൂഹിക നീതിയെന്ന ആശയത്തിൽ ഉറച്ചുനിന്നുകൊണ്ട് മതംമാറിയ പട്ടികജാതിയിൽപ്പെട്ടവർക്ക് സംരക്ഷണവും ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ അതേ സമുദായത്തിലെ മറ്റ് അംഗങ്ങൾ അനുഭവിക്കുന്ന സംവരണത്തിന്റെ ആനുകൂല്യങ്ങൾ ക്രിസ്ത്യൻ ദളിതർക്ക് നിഷേധിക്കുന്നത് അന്യായമാണെന്നും സ്റ്റാലിൻ പറഞ്ഞു.
മനുഷ്യർക്ക് ഇഷ്ടമുള്ള മതം പിന്തുടരാൻ അവകാശമുണ്ടെങ്കിലും ജാതിയുടെ കാര്യത്തിൽ അത് ചെയ്യാൻ കഴിയില്ല. ജാതി എന്നത് രണ്ട് വ്യത്യസ്ത വ്യക്തികളുടെ ഐഡന്റിറ്റി മാത്രമല്ല. അടിച്ചമർത്തലിന്റെ ഉപകരണമായ അതേ ജാതീയതയെ സംവരണം നൽകാനും അടിച്ചമർത്തലിന്റെ ഇരകളുടെ ഉന്നമനത്തിനും ഉപയോഗിക്കുക എന്നതാണ് സാമൂഹിക നീതിയുടെ തത്വശാസ്ത്രം. ക്രിസ്തുമതം സ്വീകരിച്ച ആദി ദ്രാവിഡർക്ക് രാഷ്ട്രീയവും ഭരണഘടനാപരവുമായ അവകാശങ്ങളും സാമൂഹിക നീതിയും ലഭ്യമാക്കുക എന്നതാണ് ശരിയായ നിലപാടെന്നും സ്റ്റാലിൻ പറഞ്ഞു.
1996, 2006, 2010, 2011 വർഷത്തിൽ സമാന ആവശ്യം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി എം കരുണാനിധി അന്നത്തെ പ്രധാനമന്ത്രിമാർക്ക് കത്തുകൾ എഴുതിയിരുന്നു. 2011 ജനുവരി ആറിന് നിയമസഭയിൽ സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.