നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍

നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് അരപ്പതിറ്റാണ്ടിലെ ഏറ്റവും വലിയ മഴയ്ക്കാണ് ചെന്നൈ ഇത്തവണ സാക്ഷ്യം വഹിച്ചത്
Updated on
1 min read

തമിഴ്നാട്ടില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ ദുരിതമൊഴിയാതെ ഗ്രാമങ്ങള്‍. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി തുടങ്ങിയ ഗ്രാമങ്ങളില്‍ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും വൈദ്യതിയുടേയും ക്ഷാമം നേരിടുന്നുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ദേശീയ മാധ്യമമായ 'ദി ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും തൂത്തുക്കുടിയിലെ റോഡുകളില്‍ വെള്ളമിറങ്ങിയിട്ടില്ല. മുതമിഴ് നഗറിലെ പി, ടി കോളനികളില്‍ കഴുത്തൊപ്പം വെള്ളമുണ്ടെന്നാണ് റിപ്പോർട്ടുകള്‍. തെരുവുകള്‍ ഇടുങ്ങിയതായതിനാല്‍ വലിയ ബോട്ടുകള്‍ക്കും ഒഴുക്ക് കൂടുതലായതിനാല്‍ ചെറിയ റബ്ബർ വള്ളങ്ങള്‍ക്കും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്താനാകാത്ത സ്ഥിതിയുമുണ്ട്.

ആല്‍വാർതിരുനഗരിയിലും മാസിലാമണിപുരത്തും ദുരിതാശ്വാസക്യാമ്പുകളിലേക്ക് ഭക്ഷണമെത്തിത്തുടങ്ങിയത് ചൊവ്വാഴ്ച മുതലാണ്. റോഡുകളില്‍ വെള്ളം ശമനമില്ലാതെ ഒഴുകുന്നതിനാല്‍ രോഗബാധിതര്‍ക്കും ഗർഭിണികള്‍ക്കും സഹായമെത്തിക്കാനാകാത്ത അവസ്ഥയുമുണ്ട്.

മഴക്കെടുതിയില്‍ തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മാത്രം 10 പേരാണ് മരണപ്പെട്ടത്. നാഷണല്‍ ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് (എസ്‌ഡിആർഎഫ്), വ്യോമസേന, നേവി, കോസ്റ്റ് ഗ്വാർഡ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍
രാജ്യത്ത് 19 പേര്‍ക്കു കൂടി ജെഎന്‍1 വകഭേദം സ്ഥിരീകരിച്ചു; ഒന്‍പത് ദിവസത്തിനുള്ളില്‍ ഇരട്ടി വര്‍ധന

മുറപ്പനാട്, ആല്‍വാർക്കുളം, അഗാരം, വല്ലാനാട്, നാനാല്‍കാട് എന്നീ ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ല. ആല്‍വാർക്കുളത്ത് കടുത്ത കൃഷിനാശവുമുണ്ട്. കൃഷിയിടങ്ങളില്‍ ആദ്യ ദിവസങ്ങളില്‍ 12-15 അടി പൊക്കത്തില്‍ വരെ വെള്ളം കയറിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ നാശനഷ്ടം നികത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് വേണ്ടി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 2000 കോടി രൂപ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

മിഷോങ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയ്ക്കാണ് ചെന്നൈ ഇത്തവണ സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലയിലുണ്ടായ മഴക്കെടുതി നൂറ്റാണ്ടില്‍ തന്നെ ആദ്യമാണെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളില്‍ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടം നികത്തുന്നതിനായി അടിയന്തര സഹായം അനുവദിക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കൈമാറിയ മെമ്മോറാണ്ടത്തില്‍ പറയുന്നു.

നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍
പ്രധാനമന്ത്രി സ്ഥാനാർഥിത്വം: എന്തുകൊണ്ട് ഖാർഗെ 'ഇന്ത്യ'യുടെ മികച്ച തിരഞ്ഞെടുപ്പാകുന്നു?

തെക്കന്‍ ജില്ലകളിലെ നാശനഷ്ടം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് തമിഴ്നാട്ടിലെത്തുമെന്നാണ് വിവരം. പ്രളയബാധിത മേഖലയിലെ മുഖ്യമന്ത്രിയുടെ സന്ദർശനം നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in