'ദ്രാവിഡ പ്രത്യയശാസ്ത്രം വിവേചനത്തിന്റേത്, പൂര്‍ണ പരാജയം; സ്റ്റാലിൻ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍
തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദ്രാവിഡ രാഷ്ട്രീയമാതൃകയെ തള്ളിപ്പറഞ്ഞ് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ദ്രാവിഡ രാഷ്ട്രീയ സങ്കല്‍പ്പം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളും സാമൂഹിക പിന്നാക്കാവസ്ഥയും നിലനില്‍ക്കുന്നതായും ഗവർണർ കുറ്റപ്പെടുത്തുന്നു.
ഡിഎംകെ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് 'ടൈംസ് ഓഫ് ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍. സര്‍ക്കാര്‍ - ഗവര്‍ണര്‍ അധികാരത്തര്‍ക്കത്തിൽ പുതിയ പോര്‍മുഖം സൃഷ്ടിക്കുന്നതാണ് ആർ എൻ രവിയുടെ പരാമര്‍ശങ്ങള്‍.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ സങ്കല്‍പ്പത്തെ തള്ളിപ്പറയുകയാണ് ആന്‍ എന്‍ രവി. ''ദ്രാവിഡ ഭരണമാതൃക എന്നൊരു ആശയമില്ല. കാലഹരണപ്പെട്ട ഈ ആശയം ഏക ഭാരതം എന്ന ചിന്തയ്ക്ക് വിരുദ്ധമാണ്. ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് വിവേചനം സൃഷ്ടിക്കുന്ന ഈ പ്രത്യയശാസ്ത്രം മറ്റുള്ള ഇന്ത്യന്‍ ഭാഷയ്ക്കും തമിഴ്നാട്ടില്‍ പ്രചാരണം നല്‍കാന്‍ അനുവഭിക്കുന്നില്ല. അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കലൈഞ്ജര്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ 3. 25 ലക്ഷം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. തമിഴിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടാവുക. ഇത് വിവേചനമാണ്. ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല,'' ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നും ആര്‍ എന്‍ രവി അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ ദിവസവും ഒരോ മാഫിയയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മണ്ണു മാഫിയ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കൊപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുകളുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയാകുമ്പോഴും തമിഴ്‌നാട് സമാധാനത്തിന്റെ നാടാക്കി ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജനങ്ങളോട് സത്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആര്‍ എന്‍ രവി പറയുന്നു.
ഗവര്‍ണര്‍ അതിരുകടന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങളെ ആർ എന്‍ രവി തള്ളുന്നുണ്ട്. തികച്ചും അസംബന്ധമായ ആരോപണം എന്നായിരുന്നു ഇതിനോട് അദ്ദേഹത്തിന്റെ പ്രതികരണം.
''ഗവര്‍ണറുടെ പരിധിയെന്നത് ഭരണഘടനയാണ്. ഇതേ ഭരണഘടന എല്ലാവര്‍ക്കും പരിധി നിശ്ചയിക്കുന്നുണ്ട്. സര്‍ക്കാര്‍ ഭരണഘടനയെ മറികടക്കാന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കുകയെന്നത് ഗവര്‍ണറുടെ ചുമതലയാണ്. ഭരണത്തിന്റെ എല്ലാ സംവിധാനങ്ങളുടെ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. ഗവര്‍ണറുടെ പക്കല്‍ ഒന്നുമില്ല,'' ആര്‍ എന്‍ രവി ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും ആര്‍ എന്‍ രവി പറയുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് വ്യക്തിപരമായി അടുപ്പമുണ്ടെന്നും ആര്‍ എന്‍ രവി അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്റ്റാലിന്‍ തന്നെ സംബന്ധിച്ചിടത്തോളം മികച്ച വ്യക്തിത്വമാണ്. പരസ്പര്യം മാന്യമായി പെരുമാറ്റമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.