നാടകീയം തമിഴ്നാട്; സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ച് ഗവര്‍ണര്‍, നിയമോപദേശം തേടി

നാടകീയം തമിഴ്നാട്; സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ച് ഗവര്‍ണര്‍, നിയമോപദേശം തേടി

മന്ത്രിയെ പുറത്താക്കിയ നടപടി വ്യാപക പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനെ തുടർന്നാണ് ഗവർണറുടെ നാടകീയ പിന്മാറ്റം
Updated on
1 min read

സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് മരവിപ്പിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. തീരുമാനം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഗവര്‍ണറുടെ നാടകീയമായ പിന്മാറ്റം. ഉത്തരവ് മരവിപ്പിച്ചതായും അറ്റോർണി ജനറലിന്‌റെ നിയമോപദേശം തേടിയതായും അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

നാടകീയം തമിഴ്നാട്; സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ച് ഗവര്‍ണര്‍, നിയമോപദേശം തേടി
സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഗവർണറുടെ അസാധാരണ നടപടി; നിയമപരമായി നേരിടുമെന്ന് ഡിഎംകെ

വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌റെ ഇടപെടലാണ് ഉത്തരവ് മരവിപ്പിക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്താക്കല്‍ ഉത്തരവ് മരവിപ്പിച്ചതോടെ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോര്‍ണി ജനറലിന്‌റെ നിയമോപദേശത്തിന് ശേഷമാകും ഇക്കാര്യത്തില്‍ രാജ്ഭവന്‍ ഇനി തുടര്‍ നടപടി സ്വീകരിക്കുക.

ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടാണ് സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് രാജ്ഭവന്‌റെ വിവാദ ഉത്തരവ് പുറത്തുവരുന്നത്. ജോലിക്ക് കോഴവാങ്ങിയെന്ന കേസി എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. മന്ത്രി എന്ന നിലയില്‍ തന്‌റെ സ്ഥാനം ദുരുപയോഗം ചെയ്ത് സെന്തില്‍ ബാലാജി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും നീതിന്യായ പ്രക്രിയയില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നുമായിരുന്നു പുറത്താക്കലിന് രാജ്ഭവന്‌റെ വിശദീകരണം.

എന്നാല്‍ സര്‍ക്കാര്‍ അറിയാതെ ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. മന്ത്രിസഭാംഗത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഭരണഘടന കുഴിച്ചിടപ്പെടുകയാണെന്നായിരുന്നു സിപിഎമ്മിന്‌റെ പ്രതികരണം. പലകോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. എജിയോട് നിയമോപദേശം തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണറോട് ആവശ്യപ്പെട്ടെന്നാണഅ സൂചന. ഈ പശ്ചാത്തലത്തിലാണ് പുറത്താക്കൽ ഉത്തരവ് രാജ്ഭവൻ മരവിപ്പിച്ചത്.

ജൂണ്‍ 14 നാണ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവും സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു അറസ്റ്റ്. സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതിയിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം നടന്ന അറസ്റ്റ് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.

logo
The Fourth
www.thefourthnews.in