സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌

സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌

പെരിയോര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ , കരുണാനിധി എന്നിവരെ പരാമ‍ര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ വായിച്ചില്ല
Updated on
2 min read

തമിഴ്‌നാട് നിയമസഭയില്‍ അപ്രതീക്ഷിത രംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയില്‍ നിന്നിറങ്ങിപ്പോയി. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

സര്‍ക്കാര്‍ എഴുതി നല്‍കിയ ഭാഗം ഗവര്‍ണര്‍ വായിച്ചില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സ്പീക്കറെ അറിയിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിലെ മതേതരത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി സഭയില്‍ വായിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഭാഗത്ത് പെരിയോര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ , കരുണാനിധി എന്നിവരെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതൊന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതോടെ ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങളുമായി ഡിഎംകെ അംഗങ്ങളും രംഗത്തെത്തി. ആര്‍എസ്എസിന്‌റേയും ബിജെപിയുടേയും അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കരുതെന്നായിരുന്നു ഡിഎംകെയുടെ മുദ്രാവാക്യം.

'തമിഴ്‌നാടി'നേക്കാള്‍ നല്ലത് 'തമിഴകം' ആണെന്ന കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെയും ഡിഎംകെ പ്രതിഷേധിച്ചു. സഭ ചേരുമ്പോള്‍ തന്നെ ഡിഎംകെ അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി നാലിനാണ് കാശി തമിഴ് സംഗമത്തെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ ആര്‍ എന്‍ രവി വിവാദ പ്രസ്താവന നടത്തിയത്. തമിഴ്‌നാടിന് കൂടുതല്‍ ചേരുന്നത് തമിഴകം എന്ന പേരാണെന്നായിരുന്നു അദ്ദേഹത്തിന്‌റെ പ്രസംഗം. ''തമിഴ്‌നാട്ടില്‍ ഒരു പ്രത്യേക കീഴ്‌വഴക്കം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ തമിഴ്‌നാട് എതിര്‍ നിലപാടാകും സ്വീകരിക്കുക. ഇതൊരു പതിവായിരിക്കുകയാണ്. ഈ തെറ്റായ രീതികളെ തച്ചുടയ്ക്കണം. സത്യം വെളിപ്പെടണം. തമിഴകം എന്നതാകും ഈ നാടിനെ വിളിക്കാന്‍ കൂടുതല്‍ നല്ലത്'' - ഇതായിരുന്നു പ്രസംഗത്തിലെ വിവാദമായ ഭാഗം.

സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌
തമിഴ്നാട് ഗവർണറെ തിരികെ വിളിക്കണമെന്ന് ഡിഎംകെ; രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ പ്രതിപക്ഷ പിന്തുണ തേടി

തമിഴ്‌നാട് എന്നത് തമിഴ് ദേശീയതയിലേക്ക് വഴിമാറുന്നുവെന്നായിരുന്നു ആര്‍ എന്‍ രവിയുടെ വിശദീകരണം. തമിഴ്‌നാട് എന്നത് ഒരു സ്വയംഭരണ പ്രദേശത്തിന്‌റേതിന് സമാനമായ പേരാണെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതിന് പകരം തമിഴകം എന്നുപയോഗിക്കുമ്പോള്‍ ഇന്ത്യയുടെ ഭാഗമാണെന്നത് കൂടുതല്‍ ഊട്ടിയുറപ്പിക്കാനാകുമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ദ്രാവിഡ രാഷ്ട്രീയം തമിഴ് ജനതയെ 50 വര്‍ഷം പിന്നോട്ടടിച്ചതായി മറ്റൊരു പ്രസംഗത്തിലും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

ആര്‍എന്‍ രവിയുടെ ഈ വിവാദ പ്രസംഗത്തിനും വിശദീകരണത്തിനും പിന്നാലെ തന്നെ ഭരണകക്ഷിയായ ഡിഎംകെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ #TamilNadu ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. ആര്‍ എന്‍ രവി തുടര്‍ച്ചയായി ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നെന്നും ദ്രാവിഡരെ തള്ളിക്കളയുന്നതിന് തുല്യമാണിതെന്നും ഡിഎംകെ നിലപാടെടുത്തു. ഗവര്‍ണറുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥാനവും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കാനാവില്ലെന്നായിരുന്നു മുതിര്‍ന്ന ഡിഎംകെ നേതാവും എംപിയുമായ ടി ആര്‍ ബാലുവിന്‌റെ മറുപടി. അണ്ണാദുരൈയാണ് തമിഴ്‌നാട് എന്ന പേര് നല്‍കിയതെന്നും എല്ലാക്കാലത്തും അതങ്ങനെ തന്നെ നിലനില്‍ക്കുമെന്നും കനിമൊഴി പ്രതികരിച്ചു.

ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും ആര്‍എന്‍ രവിയുടെ തമിഴകം പ്രസംഗത്തിനെതിരെ നിലപാടെടുത്തിരുന്നു.

സ്റ്റാലിന്റെ 'നയം' ഇഷ്ടപ്പെട്ടില്ല; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണറുടെ വാക്കൗട്ട്‌
ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിയോട് ഡിഎംകെ

ഇതാദ്യമല്ല തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ടി എന്‍ രവിയും തമ്മില്‍ ഏറ്റുമുട്ടുന്നത്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകളില്‍ ആര്‍ എന്‍ രവി ഒപ്പുവെച്ചിരുന്നില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രിമാരുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും പതിവാണ്. രാജ്ഭവന്‍ സംഘടിപ്പിക്കുന്ന വിരുന്നുകളില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യമുണ്ടാകാറില്ല . പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ശക്തമായതോടെ നവംബറില്‍ ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അപേക്ഷ നല്‍കിയിരുന്നു. ബില്ലുകളൊന്നും ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

logo
The Fourth
www.thefourthnews.in