സെന്തില്‍ ബാലാജിയുടെ ഭാവിയെന്ത്, ഡിഎംകെയുടെ ഹര്‍ജിയില്‍ വിധി നിര്‍ണായകം; ഇ ഡി കേസിന്റെ നാള്‍ വഴികള്‍

സെന്തില്‍ ബാലാജിയുടെ ഭാവിയെന്ത്, ഡിഎംകെയുടെ ഹര്‍ജിയില്‍ വിധി നിര്‍ണായകം; ഇ ഡി കേസിന്റെ നാള്‍ വഴികള്‍

ബുധനാഴ്ച അടിയന്തിരമായി പരിഗണിച്ച ഹര്‍ജി വിധി പറയാനായി വ്യാഴാഴ്ചയിലേക്ക് മാറ്റി
Updated on
3 min read

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയില്‍ നാളെ വിധി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സെന്തില്‍ ബാലാജിക്ക് ജാമ്യം തേടി ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയാണ് ചെന്നൈ സെഷന്‍ കോടതിയുടെ പരിഗണയിലുള്ളത്. ബുധനാഴ്ച അടിയന്തിരമായി പരിഗണിച്ച ഹര്‍ജി വിധി പറയാനായി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. 17 മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് കേന്ദ്ര സര്‍ക്കാരും - എന്‍ഡിഎ ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലുകളുടെ പുതിയ അധ്യായം കുടിയാവുകയാണ്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം പിന്‍വാതില്‍ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇഡി നടപടി എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിഷയത്തോട് പ്രതികരിച്ചത്. ബിജെപി ഭരിക്കുന്ന കേന്ദ്രം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികള്‍ വഴി നിയന്ത്രിക്കുകാന്‍ ശ്രമിക്കുകയാണ്. ഇത്തരം നടപടികള്‍ക്ക് രാജ്യത്തുടനീളം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

എന്താണ് ബാലാജിക്ക് എതിരായ കേസ്?

തമിഴ്നാടിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2014 നവംബറിൽ സർക്കാർ പരസ്യം പുറപ്പെടുവിച്ചതില്‍ നിന്നാണ് കേസിനാധാരമായ സംഭവങ്ങള്‍ തുടങ്ങുന്നത്. ഡ്രൈവർ, കണ്ടക്ടർ, ജൂനിയർ ട്രേഡ്സ്മാൻ, ജൂനിയർ എഞ്ചിനീയർ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്. 24 ഡിസംബർ 2014 ന് ഇന്റർവ്യൂ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് 2015 ഒക്ടോബർ 29ന് ദേവസഗായം എന്നയാൾ 10 പേർക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകി.

മകന് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ ജോലി ലഭിക്കാൻ പളനി എന്ന കണ്ടക്ടർക്ക് ദേവസഗായം 2.6 ലക്ഷം രൂപ നൽകി. അദ്ദേഹത്തിന്റെ മകന് ജോലി ലഭിച്ചില്ല. കൊടുത്ത പണം തിരികെ നൽകിയതുമില്ലെന്നായിരുന്നു പരാതി. പിന്നീട്, 2016 മാർച്ച് 7ന് കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിച്ച ഗോപിയെന്നയാൾ പരാതിയുമായി പോലീസ് കമ്മീഷണറെ സമീപിച്ചു. സെന്തിൽ ബാലാജിയുടെ സഹോദരങ്ങൾ എന്ന പേരിൽ അശോകൻ, കാർത്തിക് എന്ന രണ്ടു പേര് അഭിമുഖത്തിന് ശേഷം അദ്ദേഹത്തെ സമീപിച്ചതായും തന്റെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ വാങ്ങിയതായും അദ്ദേഹം പരാതിയിൽ പറഞ്ഞു. എന്നാൽ, പോലീസ് കേസെടുത്തില്ല. തന്റെ പരാതി കമ്മിഷണർ പരിഗണിക്കണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഗോപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

2017 ൽ ദേവസഗയം ആരോപിച്ച 10 പേർ ഉള്‍പ്പെടെ 12 പേർക്കെതിരെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാല്‍ സെന്തില്‍ ബാലാജിയെയോ സഹോദരങ്ങളെയോ പ്രതിചേർത്തില്ല

2016 ജൂൺ 20 ന് ഗോപിയുടെ ഹർജി കോടതി പരിഗണിച്ചു. 81 പേര് കൂടി സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, ദേവസഗായത്തിന്റെ പരാതിയിൽ ഗോപിയുൾപ്പെടെയുള്ളവരെ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇത് എതിർത്ത ഗോപി ദേവസഗായത്തെ ഇതിനോടകം തന്നെ പ്രതികൾ സ്വാധീനിച്ചതായി കോടതിയിൽ പറഞ്ഞു. അന്വേഷണം താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുങ്ങുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് 2015 ലെ ദേവസഗയത്തിന്റെ പരാതിയിൽ കൃത്യമായ അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. 2017 ൽ ദേവസഗയം ആരോപിച്ച 10 പേർ ഉള്‍പ്പെടെ 12 പേർക്കെതിരെ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാല്‍ സെന്തില്‍ ബാലാജിയെയോ സഹോദരങ്ങളെയോ പ്രതിചേർത്തില്ല.

പിന്നീട്, ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായ വി ഗണേഷ് കുമാർ എന്നയാൾ സെന്തിൽ ബാലാജി ഉൾപ്പെടെ നാല് പേർക്കെതിരെ ചെന്നൈ പോലീസിൽ പരാതിനൽകി. ഡ്രൈവർ, കണ്ടക്ടർ എന്നീ തസ്തികകളിൽ ജോലി ആഗ്രഹിക്കുന്നവരിൽ നിന്ന് പണം പിരിക്കാൻ മന്ത്രി ഡിപ്പാർട്മെന്റിലെ രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും 2014- 2015 കാലയളവിൽ 95 ലക്ഷം രൂപ പിരിച്ചുനൽകിയതായും പരാതിയിൽ ആരോപിച്ചു.

എന്നാൽ, രജിസ്റ്റർ ചെയ്ത എഫ്ഐആറിലും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയില്ല. 2018 ൽ ഡിപ്പാർട്മെന്റിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് സെന്തിലിന് വേണ്ടി 40 ലക്ഷം രൂപ പിരിച്ചെന്ന് അരുൾമണിയും പരാതിപ്പെട്ടു. 2019 ല്‍ ദേവസഗയത്തിന്റെ പരാതിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്പോർട്ട് കോർപറേഷനില്‍ ഡ്രൈവറായ അരുണ്‍ കുമാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രണ്ട് കോടിയിലേറെ രൂപ സെന്തില്‍ ബാലാജി വെട്ടിച്ചതായി പരാതിയില്‍ ആരോപിച്ചു. തുടർന്ന് സമഗ്രാന്വേഷണം നടത്താനും ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവായി. 2021 ല്‍ സെന്തില്‍ ഉള്‍പ്പെടെ 47 പേരെ പ്രതിചേർത്ത് പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

വിഷയം രാജ്യത്തെ പരമോന്നത കോടതിയിൽ എത്തുകയും 2023 മാർച്ച് 16ന് അഴിമതി നിരോധന നിയമപ്രകാരം ഇക്കാര്യം അന്വേഷിക്കാൻ സുപ്രീം കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു

ഇതിനിടെ, കേസ് ഒത്തുതീർപ്പെത്തിയെന്നും പോലീസിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപ്പേർ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി റദ്ദാക്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഒരു ദിവസം മുമ്പ് ഇഡി കേസ് രജിസ്റ്റർ ചെയ്യുകയും മന്ത്രി സെന്തിൽ ബാലാജിക്ക് സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് എഫ്ഐആറിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സാക്ഷി മൊഴികൾ, അന്തിമ റിപ്പോർട്ടുകൾ എന്നിവ ആവശ്യപ്പെട്ട് ഇഡി വിചാരണക്കോടതിയിൽ വിവിധ ഹർജികൾ സമർപ്പിച്ചെങ്കിലും ഇത് വിചാരണക്കോടതി അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചു. മന്ത്രി സെന്തിൽ ബാലാജി, അദ്ദേഹത്തിന്റെ പിഎ ഷൺമുഖം, മന്ത്രിയുടെ സഹോദരൻ അശോക് കുമാർ എന്നിവർക്കെതിരെ മൂന്ന് റിട്ട് ഹർജികളും ഹൈക്കോടതിയിലെത്തി. പരാതിക്കാർ, പ്രതികൾ, ഇഡി, അഴിമതി വിരുദ്ധ സംഘടനകൾ എന്നിവരുടേത് ഉൾപ്പെടെ ഒരു ഡസനോളം ഹർജികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കോടതികൾക്ക് മുമ്പാകെ സമർപ്പിച്ചു.

സെന്തില്‍ ബാലാജിയുടെ ഭാവിയെന്ത്, ഡിഎംകെയുടെ ഹര്‍ജിയില്‍ വിധി നിര്‍ണായകം; ഇ ഡി കേസിന്റെ നാള്‍ വഴികള്‍
സിബിഐയെ തടയാന്‍ തമിഴ്നാട്, അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാക്കി

പിന്നാലെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. 2023 മാർച്ച് 16ന് അഴിമതി നിരോധന നിയമപ്രകാരം ഇക്കാര്യം അന്വേഷിക്കാൻ സുപ്രീം കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് അന്വേഷിക്കാൻ സുപ്രീം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in