''പ്രാദേശിക ഭാഷകൾക്കെല്ലാം ഔദ്യോഗിക പദവി നൽകണം''; 'ഹിന്ദിവത്ക്കരണ'ത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

''പ്രാദേശിക ഭാഷകൾക്കെല്ലാം ഔദ്യോഗിക പദവി നൽകണം''; 'ഹിന്ദിവത്ക്കരണ'ത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ

ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ ശുപാർശകൾ തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്ക് എതിരാണെന്നും പ്രമേയം
Updated on
2 min read

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രസർക്കാർ നീക്കത്തെ അപലപിച്ച് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. എല്ലാ ഭാഷകളെയും തുല്യമായി കാണണമെന്ന ആശയത്തിലൂന്നിയാണ് പ്രമേയം. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ ശുപാർശകൾ തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾക്ക് എതിരാണെന്നും ഇത് നടപ്പാക്കരുതെന്നും പ്രമേയം പറയുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.

ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഹാനികരമാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നടപടിക്രമങ്ങള്‍ക്കും ആശയവിനിമയത്തിനും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. പ്രമേയം പാസാക്കുമ്പോൾ ബിജെപി എംഎൽഎമാർ സഭ ബഹിഷ്ക്കരിച്ചു.

പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യരുതെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപകൻ സി എൻ അണ്ണാദുരൈ അവതരിപ്പിച്ച ദ്വിഭാഷാ നയ പ്രമേയത്തിന് വിരുദ്ധമാണ് പാർലമെന്ററി സമിതിയുടെ ശുപാർശകൾ എന്നും പ്രമേയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 1968ൽ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ പാസാക്കിയ പ്രമേയത്തെയാണ് ദ്വിഭാഷാ നയം സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കാവൂ എന്ന് പ്രസ്താവിക്കുന്നതായിരുന്നു പ്രമേയം.

ഹിന്ദിയുടെ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ, ഹിന്ദി ഉപയോഗം കുറവുള്ള സംസ്ഥാനങ്ങൾ, ഹിന്ദി സംസാരിക്കാത്ത പ്രവിശ്യകൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി ഇന്ത്യയെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കുറ്റപ്പെടുത്തി. ''നമ്മൾ ഇതിൽ മൂന്നാമത്തെ വിഭാഗത്തിൽ പെടുന്നു. ഈ രാജ്യത്തെ മൂന്നാംകിട പൗരന്മാരാക്കാൻ സ്വീകരിച്ച നടപടികൾക്കെതിരെ നമ്മൾ ശബ്ദമുയർത്തേണ്ടതുണ്ട്''- സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ഒരു ഘട്ടത്തിലും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി അടിച്ചേല്‍പ്പിച്ച് വീണ്ടും ഭാഷായുദ്ധത്തിന് നിർബന്ധിക്കരുതെന്ന് നേരത്തെ കേന്ദ്ര സർക്കാരിനയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഒരു പൊതുഭാഷ നിർബന്ധമാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു.

''പ്രാദേശിക ഭാഷകൾക്കെല്ലാം ഔദ്യോഗിക പദവി നൽകണം''; 'ഹിന്ദിവത്ക്കരണ'ത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ
മറ്റൊരു ഭാഷയുദ്ധം ഉണ്ടാക്കരുത്; ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ സ്റ്റാലിൻ

ഹിന്ദി നിർബന്ധമാക്കുന്നതിനെ ദീർഘകാലമായി എതിർക്കുന്ന സംസ്ഥാനമായ തമിഴ്നാട്. ദ്രാവിഡ പാർട്ടികൾ ഭരിക്കാൻ തുടങ്ങിയ 1960 മുതൽ ദ്വിഭാഷാ നയമാണ് പിന്തുടരുന്നത്. ഹിന്ദി നിർബന്ധമാക്കാനുള്ള വിവിധ കേന്ദ്ര സർക്കാരുകളുടെ ശ്രമങ്ങളെ മാറിമാറി വരുന്ന തമിഴ്‌നാട് സർക്കാരുകൾ എതിർത്തിരുന്നു. 50 വർഷങ്ങൾക്ക് മുന്‍പ് ദക്ഷിണേന്ത്യയിൽ നടന്ന ചരിത്രപരമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാരഥികളിൽ ഒരാളായിരുന്നു സ്റ്റാലിന്റെ പിതാവ് എം.കരുണാനിധി. ഈ വിഷയത്തിൽ വർഷങ്ങളോളം സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് നിലനിന്നിരുന്നു. 1962-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇംഗ്ലീഷ് ഒരു "ലിങ്ക് ലാംഗ്വേജ്" ആയി തുടരുമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷമാണ് അത് പിൻവാങ്ങിയത്.

logo
The Fourth
www.thefourthnews.in