കർഷകന്റെ ട്രക്ക് തട്ടിയെടുത്തു, 1.6 ലക്ഷത്തിന് തക്കാളി വിറ്റു; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

കർഷകന്റെ ട്രക്ക് തട്ടിയെടുത്തു, 1.6 ലക്ഷത്തിന് തക്കാളി വിറ്റു; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

തങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് തട്ടിയെന്ന് ആരോപിച്ച് ദമ്പതികൾ ട്രക്ക് തടഞ്ഞുവയ്ക്കുകയായിരുന്നു
Updated on
2 min read

രാജ്യത്ത് തക്കാളി വില കുത്തനെ ഉയരുന്നതിനൊപ്പം തക്കാളി മോഷണവും തുടർക്കഥയാവുകയാണ്. രണ്ടര ടൺ തക്കാളി നിറച്ച ട്രക്ക് തട്ടിയെടുത്ത് പണം തട്ടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം. വെല്ലൂർ സ്വദേശികളായ ഭാസ്കർ (28 ), ഭാര്യ സിന്ധുജ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തക്കാളിയുമായി കോലാറിലേക്ക് പോകുകയായിരുന്ന ട്രക്കാണ് ഇരുവരും ചേർന്ന് തടഞ്ഞത്. ട്രക്കുമായി ഇവർ കടന്നുകളഞ്ഞെന്ന ട്രക്ക് ഡ്രൈവറായ ശിവണ്ണയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തക്കാളി വില്പന നടത്തിയ ശേഷം, ഇവർ ട്രക്ക് ദേവനഹള്ളിയിൽ ഉപേക്ഷിച്ചതായും പോലീസ് വാഹനം കണ്ടെടുത്തതായും അധികൃതർ അറിയിച്ചു

ജൂലൈ എട്ടിന് ബെംഗളൂരുവിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ വച്ചാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന മഹിന്ദ്ര സൈലോ കാറിൽ ട്രക്ക് ഇടിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ദമ്പതികൾ ട്രക്ക് തടഞ്ഞുവയ്ക്കുകയായിരുന്നു. 50,000 രൂപ ഉടനടി നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ശിവണ്ണ പണം നൽകാൻ വിസമ്മതിച്ചതോടെ, അദ്ദേഹത്തെ ഉപദ്രവിക്കുകയും ട്രക്കിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തു. തുടർന്ന് ഇവർ ട്രക്ക് ഓടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ശിവണ്ണ ആർഎംസി യാർഡ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തുടക്കത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വാഹനത്തിനും പ്രതികൾക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ''തമിഴ്നാട്ടിലെ വാണിയമ്പടിയിലേക്കാണ് വാഹനങ്ങൾ പോയതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ, ദമ്പതികൾ ഇതിനോടകം തന്നെ ട്രക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയിരുന്നു. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റാന്‍ മറന്നുപോയതാണ് ഇരുവർക്കും വിനയായത്. തമിഴ്നാടിന്റെ പലയിടങ്ങളിലായി 200 ൽ അധികം സിസിടിവികളിൽ നിന്നായി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഇവരെ വാണിയമ്പടിയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.'' ഡെപ്യൂട്ടി കമ്മീഷണർ ശിവപ്രകാശ് ദേവരാജ് പറഞ്ഞു. വാർത്ത പ്രചരിച്ചതോടെ, തക്കാളി വില്പന നടത്തിയ ശേഷം, ഇവർ ട്രക്ക് ദേവനഹള്ളിയിൽ ഉപേക്ഷിച്ചതായും പോലീസ് വാഹനം കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. അതിന് മുൻപ് 210 ട്രേ തക്കാളി ഇരുവരും ചേർന്ന് 1.6 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.

കർഷകന്റെ ട്രക്ക് തട്ടിയെടുത്തു, 1.6 ലക്ഷത്തിന് തക്കാളി വിറ്റു; തമിഴ്നാട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന്‌ തക്കാളി വില, മോഷണം തുടര്‍ക്കഥ; പുനെയില്‍ കള്ളന്‍ കൊണ്ടുപോയത്‌ 400 കിലോ

കഴിഞ്ഞ ദിവസം പൂനെയില്‍ ഒരു കർഷകന്റെ വീട്ടില്‍ നിന്ന് 400 കിലോ തക്കാളി മോഷണം പോയിരുന്നു. ശിശൂര്‍ താലൂക്കിലെ പിംപര്‍ഖേട് പ്രദേശവാസിയായ അരുണ്‍ ധോം എന്ന കര്‍ഷകന്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നു വിളവെടുത്ത 400 കിലോ തക്കാളിയാണ് മോഷണം പോയത്. വിളവെടുത്ത ശേഷം 20 പെട്ടികളിലാക്കി വീടിനു പുറത്ത്‌ വാഹനത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ തക്കാളി വിറ്റ് കോടീശ്വരനായ കര്‍ഷകന്റെ വാര്‍ത്തയും മധ്യപ്രദേശിലെ ഷഹ്ദോലില്‍ പാകം ചെയ്ത ഭക്ഷണത്തില്‍ രണ്ട് തക്കാളി ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഒരു സ്ത്രീ ഭര്‍ത്താവിനെ തന്നെ ഉപേക്ഷിച്ചുവെന്ന വാര്‍ത്തകളുമൊക്കെ തക്കാളി വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വന്നിരുന്നു. അതേ സമയം തക്കാളി കൃഷിയിലെ ലാഭം ആന്ധ്ര പ്രദേശിലെ കര്‍ഷകന്‍റെ ജീവനാപത്തായതും ചര്‍ച്ചയായി.

logo
The Fourth
www.thefourthnews.in