സുപ്രീംകോടതിക്ക് കീഴടങ്ങി തമിഴ്‌നാട് ഗവർണർ; പൊന്മുടിയുടെ സത്യപ്രതിജ്ഞ ഇന്ന്
സുപ്രീംകോടതിയുടെ ശകാരത്തിനുപിന്നാലെ ഡിഎംകെ നേതാവ് കെ പൊന്മുടിയെ മന്ത്രിയാക്കാനുള്ള തീരുമാനം അംഗീകരിച്ച് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. ഇന്ന് വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ.
അനധികൃത സ്വത്ത് സമ്പാദനമാരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത മുൻ വിദ്യാഭ്യാസ മന്ത്രി പൊന്മുടിയുടെ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെ പൊന്മുടിക്ക് മന്ത്രിസ്ഥാനം തിരികെ നൽകാൻ തമിഴ്‌നാട് മുഖ്യമന്ത്രി ഗവർണറുടെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.
ഗവർണറുടെ നടപടിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. ഗവർണർ ഭരണഘടനയെ മാനിക്കുന്നില്ലെന്നും സുപ്രീംകോടതിയെ ധിക്കരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടുവരെ സുപ്രീംകോടതി ഗവർണർക്ക് സമയവും നൽകിയിരുന്നു.
കേസ് സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തതെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമായിരുന്നു പൊന്മുടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഗവർണർ ഉന്നയിച്ചിരുന്ന കാരണം. എന്നാൽ അങ്ങനെ പറയാൻ ആർ എൻ രവിക്ക് എന്താണ് അധികാരമെന്നും ഇനിയും അനുസരിച്ചില്ലെകിൽ വിഷയം ഗൗരവമായി എടുക്കുമെന്നും കോടതി ഓർമിപ്പിച്ചു.