പൊതുടാപ്പില്‍നിന്ന് ദളിത് സ്ത്രീ വെള്ളം കുടിച്ചു; ടാങ്ക് ഉള്‍പ്പെടെ ഗോമൂത്രത്തില്‍ കഴുകി സവര്‍ണ ജാതിക്കാര്‍
പൊതുടാപ്പില്‍നിന്ന് ദളിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കുടിവെള്ള ടാങ്ക് ഉള്‍പ്പെടെ ഗോമൂത്രത്തില്‍ 'ശുദ്ധീകരിച്ച്' സവര്‍ണ ജാതിക്കാര്‍. കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഹെഗ്ഗോട്ടര ഗ്രാമത്തിലാണ് സംഭവം. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, റവന്യൂ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, സ്ത്രീ പരാതി നല്‍കാത്തതിനെത്തുടര്‍ന്ന് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിവേചനം നേരിട്ട സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എച്ച്ഡി കോട്ടയില്‍ നിന്നെത്തിയതായിരുന്നു സ്ത്രീ. വിവാഹശേഷം തിരികെ പോകവെയാണ്, സവര്‍ണ ജാതിക്കാര്‍ താമസിക്കുന്ന തെരുവിലെ പൊതുടാപ്പില്‍നിന്ന് ഇവര്‍ വെള്ളം കുടിച്ചത്. ഇത് കണ്ട ഒരാള്‍ മറ്റുള്ളവരെ വിവരമറിയിച്ചു. അവരെത്തി സ്ത്രീയെ വിരട്ടി. സ്ത്രീ പേടിച്ച് സ്ഥലം വിട്ടതിനു പിന്നാലെ, സവര്‍ണ ജാതിക്കാരായ ലിംഗായത്തുകാര്‍ സംഘടിച്ച് ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്നുവിട്ടു. ഒരു സംഘം ഗോമൂത്രം ഉപയോഗിച്ച് ടാങ്കും ടാപ്പും ഉള്‍പ്പെടെ വൃത്തിയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വിവേചനം നേരിട്ട സ്ത്രീയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. സ്ത്രീ പരാതി നല്‍കാത്തതിനാല്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ പോലീസിനും കഴിഞ്ഞിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ദളിത് സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ പരാതിയില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചാമരാജ് നഗര്‍ തഹസില്‍ദാര്‍ ഐ.ഇ ബസവരാജ് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുടിവെള്ള ആവശ്യത്തിനായി സര്‍ക്കാരാണ് ടാങ്കും ടാപ്പും സ്ഥാപിച്ചതെന്ന് സംഭവസ്ഥലത്തെത്തിയ തഹസില്‍ദാര്‍ വിശദീകരിച്ചു. ടാങ്കും ടാപ്പും പൊതു സ്വത്താണെന്നും അത് ഉപയോഗിക്കുന്നതില്‍നിന്ന് ആരെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും തഹസില്‍ദാരും സാമുഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളെ ബോധവത്കരിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള 20 പേരെക്കൊണ്ട് പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിപ്പിച്ച ശേഷമാണ് അധികൃതര്‍ മടങ്ങിയത്.
അതേസമയം, വിവേചനം നേരിട്ട സ്ത്രീയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. സ്ത്രീ പരാതി നല്‍കാത്തതിനാല്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ പോലീസിനും കഴിഞ്ഞിട്ടില്ല . സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അവരെ കണ്ടെത്തിയ ഉടന്‍ പരാതി എഴുതി വാങ്ങി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വിവേചനം നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് ദളിത് സംഘടനകള്‍.