2024 ലക്ഷ്യം വെച്ച് ബിജെപി; മോദിയുടേയും നദ്ദയുടേയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടുമെന്ന് അമിത് ഷാ

2024 ലക്ഷ്യം വെച്ച് ബിജെപി; മോദിയുടേയും നദ്ദയുടേയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടുമെന്ന് അമിത് ഷാ

ദേശീയ നിര്‍വാഹക സമിതി യോഗത്തിലെടുത്ത തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പ്രഖ്യാപിച്ചത്
Updated on
1 min read

2024 ജൂണ്‍ വരെ പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുമെന്ന് ബിജെപി. പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനം. നയിക്കാന്‍ നദ്ദ തന്നെ മതിയെന്ന് മുന്‍ഗാമിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമൊപ്പം തന്ത്രങ്ങള്‍ മെനഞ്ഞ് പാര്‍ട്ടിയെ നയിക്കുക ഉത്തരവാദിത്വമാകും ഇനി നദ്ദയ്ക്ക് നിര്‍വഹിക്കാനുള്ളത്. അതിന് മുന്നോടിയായി ഈ വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കേണ്ടതുണ്ട്.

അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിന് പിന്നാലെ 2019ലാണ് നദ്ദ ബിജെപി വര്‍ക്കിങ് പ്രസിഡന്‌റായി അധികാരമേറ്റത്. 2020ല്‍ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. പിന്നീട് തിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അനുകൂല തരംഗമോ ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കലോ എല്ലാം അമിത് ഷായ്ക്കൊപ്പം നദ്ദയുടെ കൂടി തന്ത്രങ്ങളായിരുന്നു.

2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, കര്‍ണാടക, മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കൂടാതെ പ്രത്യേക പദവി എടുത്തു കളഞ്ഞ ജമ്മു കശ്മീരിലും ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് , മിസോറാം എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യമാണ്. രാജസ്ഥാന്‍ തിരിച്ചുപിടിക്കുക, ഓപ്പറേഷന്‍ താമരയിലൂടെ അധികാരമുറപ്പിച്ച മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുക, പ്രാദേശിക രാഷ്ട്രീയം വേരൂന്നിയ വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വരവറിയിക്കുക ഇങ്ങനെ നീളുന്ന നദ്ദയ്ക്ക് ചെയ്ത് തീര്‍ക്കാനുള്ള ചുമതലകള്‍. ഇതിനിടയില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകണം.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഗുജറാത്ത് തൂത്തുവാരിയപ്പോഴും സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശ് ബിജെപിയെ കൈവിട്ടത് ജെ പി നദ്ദയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ വലിയ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി നദ്ദയില്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും 2024ലെ പൊതു തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം തന്നെയാണ് ബിജെപിയുടെ തുറുപ്പു ചീട്ട് . എന്നാല്‍ ''നരേന്ദ്രമോദിയുടേയും ജെ പി നദ്ദയുടേയും നേതൃത്വത്തില്‍ 2019ലേതിനേക്കാള്‍ സീറ്റ് 2024ല്‍ ബിജെപി സ്വന്തമാക്കും'' എന്ന അമിത് ഷായുടെ പ്രഖ്യാപനം നദ്ദയില്‍ പാര്‍ട്ടി അര്‍പ്പിക്കുന്ന വിശ്വാസം കൂടി പ്രകടമാക്കുന്നതാണ്.

logo
The Fourth
www.thefourthnews.in