എയർ ഇന്ത്യയെ പരിഷ്കരിക്കാനൊരുങ്ങി ടാറ്റ; നാല് വിമാനക്കമ്പനികളും ലയിപ്പിക്കും

എയർ ഇന്ത്യയെ പരിഷ്കരിക്കാനൊരുങ്ങി ടാറ്റ; നാല് വിമാനക്കമ്പനികളും ലയിപ്പിക്കും

എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഏഷ്യ എന്നിങ്ങനെ നാല് വിമാനക്കമ്പനികളാണ് ടാറ്റയ്ക്കുള്ളത്
Updated on
1 min read

ടാറ്റ ഗ്രൂപ്പിന്റെ വിമാനക്കമ്പനികള്‍ എയർ ഇന്ത്യയുടെ കീഴില്‍ ഏകോപിപ്പിക്കുന്നു. എയർ ഇന്ത്യ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിങ്ങനെ നാല് കമ്പനികളെയും ഒറ്റ കുടക്കീഴിലാക്കാനാണ് നീക്കം. എന്നാല്‍, സിംഗപ്പൂർ എയർലൈന്‍ ലിമിറ്റഡുമായി യോജിച്ച് പ്രവർത്തിക്കുന്ന ടാറ്റയുടെ വിസ്താര എന്ന കമ്പനി പൂർണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്.

എയര്‍ഏഷ്യ, എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിച്ച് ചെലവ് കുറക്കുമെന്ന് എയര്‍ ഇന്ത്യ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. 2023 അവസാനത്തോടെ ഒറ്റ കമ്പനിയായി മാറ്റാനാണ് പദ്ധതിയിടുന്നത്. ടാറ്റയുമായി ചർച്ചകള്‍ നടക്കുകയാണെന്നും വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി നിലവിലുള്ള പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനാണ് ശ്രമമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍, ടാറ്റാ ഗ്രൂപ്പോ എയർ ഇന്ത്യയോ വിസ്താരയോ പുതിയ നീക്കത്തില്‍ പ്രതികരിച്ചിട്ടില്ല.

ടാറ്റാ ഗ്രൂപ്പോ എയർ ഇന്ത്യയോ വിസ്താരയോ പുതിയ നീക്കത്തില്‍ പ്രതികരിച്ചിട്ടില്ല

ഈ വർഷമാദ്യമാണ് സർക്കാർ ഉടമസ്ഥതിയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. പിന്നാലെ എയര്‍ ഇന്ത്യയെ നവീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് ടാറ്റ. ഇതിന്റെ ഭാഗമായി 300 നാരോ ബോഡി ജെറ്റ് വിമാനങ്ങള്‍ വാങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 25 എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളും സ്വന്തമാക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

നാരോബോഡി എയര്‍ ക്രാഫ്റ്റുകളും വൈഡ് ബോഡി എയര്‍ ക്രാഫ്റ്റുകളും സ്വന്തമാക്കി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് കാംപ്ബെല്‍ വില്‍സണ്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in