മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക; ദൃശ്യങ്ങൾ വൈറൽ

മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് അധ്യാപിക; ദൃശ്യങ്ങൾ വൈറൽ

സംഭവം ശ്രദ്ധയിൽപെട്ട മുസഫർനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Updated on
1 min read

ഉത്തർപ്രദേശിൽ എട്ട് വയസുള്ള മുസ്ലിം വിദ്യാർഥിയുടെ മുഖത്തടിക്കാൻ സഹപാഠികളോട് ആവശ്യപ്പെട്ട് അധ്യാപിക. മുസഫർനഗറിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് മുസഫർനഗർ പോലീസ് അന്വേഷണം ആരംഭിച്ചു.

മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ മാറിമാറി മുഖത്ത് അടിക്കുമ്പോൾ അധ്യാപികയായ ത്രിപ്ത ത്യാഗി വീണ്ടും കുട്ടികളെ മർദിക്കാൻ പ്രചോദിപ്പിക്കുന്നതായി 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അടികൊണ്ട് കുട്ടി കരയുമ്പോഴും എന്തുകൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തതെന്നാണ് അധ്യാപികയുടെ ചോദ്യം.

മുസഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കേസ് നൽകാൻ താത്പര്യമില്ലെന്ന നിലപാടിലാണ് ഇരയായ വിദ്യാർഥിയുടെ പിതാവ്. പോലീസും കോടതിയുമായി പോകാൻ കഴിയില്ലെന്ന് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനോട് പിതാവ് പറഞ്ഞതായി 'ഔട്ട്‍ലുക്ക്' റിപ്പോർട്ട് ചെയ്തു.

കുട്ടിയെ മർദിക്കുന്ന വീഡിയോ ഷെയർ ചെയ്യരുതെന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ നിർദ്ദേശം നൽകി. കുട്ടികളുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്ന് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പെടെ നിരവധി പ്രമുഖർ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഇന്ത്യയിൽ ഇത്തരമൊരു കാര്യം നടക്കുന്നതായി വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എല്ലാ ഇന്ത്യക്കാരും ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. നിലവിൽ ##ArrestTriptaTyagi എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ്ങാണ്.

logo
The Fourth
www.thefourthnews.in